ഹാഥ്റസ് യുഎപിഎ കേസ്; സിദ്ദീഖ് കാപ്പനൊപ്പമുണ്ടായിരുന്ന കാര്‍ ഡ്രൈവര്‍ക്ക് ജാമ്യം

അലഹബാദ്: യുപിയിലെ ഹാഥ്‌റസ് കൂട്ടബലാത്സംഗ- കൊലക്കേസില്‍ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിന് പോകവെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനടക്കമുള്ളവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ക്ക് ജാമ്യം.യുപി അലഹബാദ് ഹൈക്കോടതിയാണ് ഹാഥ്രസ് യുഎപിഎ കേസിലെ കുറ്റാരോപിതരില്‍ ഒരാളായ മുഹമ്മദ് ആലമിന് ജാമ്യം അനുവദിച്ചത്.
കേസില്‍ ഇതാദ്യമായാണ് ഒരാള്‍ക്ക് ജാമ്യം ലഭിക്കുന്നത്. സിദ്ധീഖ് കാപ്പന്‍, കാംപസ് ഫ്രണ്ട് നേതാക്കളായ അതീഖുര്‍റഹ്മാന്‍, മസൂദ് അഹ്മദ് എന്നിവര്‍ക്കൊപ്പമാണ് ആലമും അറസ്റ്റിലായത്.
സിദ്ധീഖ് കാപ്പന്റെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ച് ആണ് ജാമ്യാപേക്ഷ തള്ളിയത്.
ഇതിനിടെ, കാപ്പന്റെ ശബ്ദവും കൈയെഴുത്തും ഉള്‍പ്പെടെ പരിശോധിച്ച് വീണ്ടും അന്വേഷണം നടത്തണമെന്ന യു.പി പൊലീസിന്റെ ആവശ്യം മഥുര അഡീഷണല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് അനില്‍കുമാര്‍ പാണ്ഡെ തള്ളിയിരുന്നു.
ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ ഹാഥ്രസിലേക്ക് പോകുമ്ബോഴാണ് മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെ 2020 ഒക്ടോബര്‍ അഞ്ചിന് ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.
യുഎപിഎ ചുമത്തി കേസെടുത്തതോടെ അന്ന് മുതല്‍ ജയിലില്‍ കഴിയുകയാണ് കാപ്പന്‍. പിന്നീട് ഉത്തര്‍പ്രദേശ് പൊലീസ് രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം, മറ്റ് വകുപ്പുകളും ചുമത്തി. അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ സിദ്ധീഖ് കാപ്പന്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും.

