വ്യാജ ദിർഹം തട്ടിപ്പ് : മീൻ വ്യാപാരിയുടെ പണം തട്ടിയ പ്രതികളെ കസ്റ്റഡിയിൽ വിട്ടു

കാസർകോട് : മീൻ വ്യാപാരിയെ കബളിപ്പിച്ച് ഏഴു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ചന്തേര പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു പ്രതികളെ വിദ്യാനഗർ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു . ബംഗ്ലാദേശ് പൗരനും ാർഖണ്ഡിൽ താമസക്കാരനുമായ ഷേഖ് ഫാറൂഖ് , ഗുജറാത്ത് , അഹമ്മദാബാദ് സ്വദേശിയായ ജുവൽ അലി എന്നിവരെയാണ് കാസർകോട് ജൂനിയർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലു ദിവസത്തേയ്ക്ക് വിദ്യാനഗർ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത് . പരവനടുക്കം , നെച്ചിപടുപ്പ് സ്വദേശിയും നായന്മാർമൂലയിലെ മീൻ വ്യാപാരിയുമായ മുഹമ്മദ് സുജീറിന്റെ പരാതിയിലുള്ള കേസിന്റെ തെളിവെടുപ്പിനായാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത് . ദിർഹം നൽകാമെന്ന് വിശ്വസിപ്പിച്ച് ഏഴു ലക്ഷം രൂപ വാങ്ങി പകരം നോട്ടുകളെന്ന് സംശയിക്കുന്ന കടലാസ് പൊതി നൽകി വഞ്ചിച്ചുവെന്നാണ് പരാതി . സമാന രീതിയിൽ ചെറുവത്തൂരിലെ ഓട്ടോ ഡ്രവറിൽ നിന്നും അഞ്ചു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ചന്തേര പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത് . പ്രതികളുടെ ഫോട്ടോ കാരവൽ അടക്കമുള്ള പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതോടെയാണ് തന്റെ കൈയിൽ നിന്നു പണം തട്ടിയത് ചന്തേരയിൽ അറസ്റ്റിലായവരാണെന്ന് മുഹമ്മദ് സുജീർ തിരിച്ചറിഞ്ഞത് . വർഷങ്ങൾക്ക് മുമ്പ് ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലെത്തിയ ഷേഖ് ഫാറൂഖിനെയും കൂട്ടാളിയെയും ദേശീയ രഹസ്യാന്വേഷണ ഏജൻസികളും ചോദ്യം ചെയ്തിരുന്നു

