ഹിജാബ് വിലക്കിനെതിരെ കോടതിയെ സമീപിച്ച വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുന്നതായി പരാതി

കര്‍ണാടകയില്‍ ഹിജാബ് വിലക്കിനെതിരെ കോടതിയെ സമീപിച്ച വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുന്നതായി പരാതി
വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചാണ് മാനസികമായി പീഡിപ്പിക്കുന്നത്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന അപേക്ഷയുമായി വിദ്യാര്‍ഥികള്‍ രംഗത്ത് വന്നു.
കോടതിയെ സമീപ്പിച്ച വിദ്യാര്‍ഥികളില്‍ ഒരാളായ ഹസ്റ ഷിഫയുടെ പിതാവിന്റെ ഹോട്ടല്‍ കഴിഞ്ഞ ദിവസം ഒരു സംഘം അടിച്ചു തകര്‍ത്തിരുന്നു. ഇതോടെയാണ് തങ്ങള്‍ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങള്‍ വിദ്യാര്‍ഥികള്‍ മാധ്യമങ്ങള്‍ക്ക് മുന്പില് വെളിപ്പെടുത്തിയത്. തങ്ങളുടെ ഫോണിലേക്ക് നിരന്തരം വിളിച്ച് ശല്യപ്പെടുത്തുന്നതായും വിദ്യാര്‍ഥികള്‍ പറയുന്നു.
തങ്ങളുടെ സ്വകാര്യത തകര്‍ക്കരുതെന്ന അപേക്ഷയും വിദ്യാര്‍ഥികള്‍ക്ക് ഉണ്ട്. ഈ മാസം 28ന് നടക്കുന്ന പ്രായോഗിക പരീക്ഷ ഹിജാബ് കേസില്‍ വിധി വരുന്നത് വരെ നീട്ടണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ഹിജാബ് വിലക്കിനെതിരെ കോടതിയെ സമീപിച്ച വിദ്യാര്‍ഥികളുടെ വ്യക്തിപരമായ വിവരങ്ങള്‍ കര്‍ണാടക ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത് നേരത്തെ വിവാദമായിരുന്നു.
അതെ സമയം, ഹിജാബ് വിലക്കിനെതിരായ ഹരജിയില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്നും വാദം കേള്‍ക്കും. കോളജുകള്‍, സിഡിസികള്‍ എന്നിവരുടെ വാദമാണ് ഇന്ന് നടക്കുക. ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഇടപെടലിന്റെ ഭാഗമായാണ് ഹിജാബ് വിവാദം ഉണ്ടായതെന്ന് ഉഡുപ്പി പിയു കോളജ് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സീല്‍ഡ് കവറില്‍ എജി ഇന്ന് കോടതിക്ക് കൈമാറും. ഹരജികളില്‍ പുതിയ ഇടപെടല്‍ അനുവദിക്കില്ലെന്ന് കോടതി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട് ഈ ആഴ്ച വാദം പൂര്‍ത്തിയാക്കാനാണ് കോടതി നിര്‍ദേശം.
എന്നാല്‍ കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ അധ്യാപികമാര്‍ക്ക് താത്കാലിക ഹിജാബ് നിരോധനമില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഹിജാബ്, കാവിഷാള്‍ തുടങ്ങിയവ നിരോധിച്ചത് വിദ്യാര്‍ഥികള്‍ക്ക് മാത്രമാണെന്ന് ബുധനാഴ്ചയാണ് കോടതി വ്യക്തമാക്കിയത്. ഹിജാബ് ധരിച്ചെത്തുന്ന അധ്യാപികമാരും സ്കൂള്‍ കവാടങ്ങളില്‍ തടയപ്പെടുന്നുണ്ടെന്ന് ഹിജാബ് നിരോധനത്തിനെതിരെ ഹരജി നല്കിയ വിദ്യാര്‍ഥികളുടെ അഭിഭാഷകനായ മുഹമ്മദ് താഹിര്‍ അറിയിക്കുകയായിരുന്നു. അപ്പോള്‍ മുന്‍ ഉത്തരവ് വിദ്യാര്‍ഥികള്‍ക്ക് മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് റിതു രാജ് അവാസ്തി വ്യക്തമാക്കി.

