കെ എം എം എല്‍ ആരോഗ്യമേഖലയ്ക്ക് നല്കിയ ഓക്സിജന്‍ 1000 ടണ്‍ കടന്നു

രാജ്യം കൊവിഡ് മഹാമാരിയെ നേരിടുന്ന സമയത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത് ഓക്സിജന്‍ ക്ഷാമമാണ്. ഓക്സിജന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്കി കേരളം മാതൃകയാവുകയാണ്.
ഇപ്പോള്‍ കെ എം എം എല്‍ ആരോഗ്യമേഖലയ്ക്ക് നല്കിയ ഓക്സിജന്റെ കണക്കുകള്‍ ചര്‍ച്ചയാവുകയാണ്.മന്ത്രി ഇ പി ജയരാജന് ഫെയ്സ്ബുക്കിലൂടെയാണ് കണക്ക് വ്യക്തമാക്കുന്നത്.
കെ എം എം എല്‍ ആരോഗ്യമേഖലയ്ക്ക് നല്കിയ ഓക്സിജന്‍ 1000 ടണ്‍ കടന്നിരിക്കുകയാണ്. ഗോവ, കര്‍ണാടക തുടങ്ങിയ അയല്‍സംസ്ഥാനങ്ങളില്‍ പോലും ഓക്സിജന്‍ എത്തിക്കാന്‍ കേരളം എന്ന കൊച്ചു സംസ്ഥാനത്തിന് കഴിഞ്ഞു.ഈ അവസരത്തില്‍ കെ എം എം എല്ലിന്റേത് എടുത്തു പറയത്തക്ക നേട്ടമാണെന്ന കാര്യത്തില്‍ സംശയമില്ല.
പിണറായി വിജയന് സര്‍ക്കാരിന്റെ നൂറ് ദിന പദ്ധതികളില്‍ ഒന്നായിരുന്നു വ്യവസായ വകുപ്പിനു കീഴിലുള്ള ദി കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിന്റെ ഓക്സിജന്‍ പ്ലാന്റ്. ടൈറ്റാനിയം ഡയോക്സൈഡ് നിര്‍മ്മാണത്തിനാവശ്യമായ ഓക്സിജന്‍ നിര്‍മ്മിക്കുകയും ശേഷിക്കുന്ന ഓക്സിജന്‍ ആരോഗ്യ മേഖലയ്ക്ക് വിതരണം ചെയ്യുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ അനുഗ്രഹമായിരിക്കുകയാണ് വ്യവസായ വകുപ്പിന്റെ ഈ പ്ലാന്റ്. കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യമേഖലയ്ക്ക് പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് സജീവമായ പിന്തുണയാണ് നല്‍കുന്നത്. കൊവിഡ് ചികിത്സയില്‍ ഓക്സിജന്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നതിനാല്‍ കെഎംഎംഎല്ലിന്റെ പ്രവര്‍ത്തനം വലിയ ആശ്വാസമാണ്.
സര്‍ക്കാരിന്റെ നൂറ് ദിന പദ്ധതിയുടെ ഭാഗമായി 70 ടണ്‍ ശേഷിയുള്ള ഓക്സിജന്‍ പ്ലാന്റ് 2020 ഒക്ടോബര്‍ 10 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. 50 കോടി രൂപയാണ് ചെലവ്. പ്രതിദിനം 63 ടണ്‍ വാതക ഓക്സിജന്‍ കമ്ബനിയുടെ ആവശ്യങ്ങള്‍ക്ക് വേണം. ഇതിനു പുറമെയാണ് ആരോഗ്യമേഖലയ്ക്കായി ദ്രവീകൃത ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കുന്നത്.

