വിമതനീക്കം ശക്തമാക്കി വാഗ്നര്‍ ഗ്രൂപ്പ്; പുതിൻ മോസ്കോ വിട്ടതായി അഭ്യൂഹം

മോസ്കോ: റഷ്യയില്‍ വാഗ്നര്‍ ഗ്രൂപ്പ് സൈനിക അട്ടിമറി നീക്കം ശക്തമാക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പ്രസിഡന്റ് വ്ളാദിമര്‍ പുതിന് മോസ്കോ വിട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. റഷ്യയ്ക്കെതിരെ വിമതനീക്കം പ്രഖ്യാപിച്ച വാഗ്നര്‍ സേന മോസ്കോയിലേക്ക് നീങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു പിന്നാലെ പുതിന് മോസ്കോ വിട്ടു എന്നതരത്തില്‍ അഭ്യൂഹം പരക്കുന്നുണ്ട്. പുതിന് ഔദ്യോഗിക യാത്രകള്‍ക്കുപയോഗിക്കുന്ന വിമാനങ്ങളില്‍ ഒന്ന് പറന്നുയരുന്നത് ഫ്ളൈറ്റ് റഡാറില്‍ പതിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ പുതിന് ഉണ്ടായിരുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. പുതിന് സെന്റ് പീറ്റര്‍സ്ബെര്‍ഗ് ലക്ഷ്യമാക്കിയാണ് നീങ്ങിയതെന്നും സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പുറത്തു വന്നിട്ടുണ്ട്. എന്നാല്‍ അഭ്യൂഹങ്ങള്‍ തള്ളിയ റഷ്യന്‍ ഭരണകൂടം വാഗ്നര്‍ സേനയുടെ നീക്കത്തെ ചെറുക്കാന്‍ രാജ്യം സജ്ജമാണെന്നും വാഗ്നറിനെ കീഴടക്കാന്‍ ഏതു മാര്‍ഗവും സ്വീകരിക്കാന്‍ പുതിന് നിര്‍ദ്ദേശം നല്‍കിയതായും വ്യക്തമാക്കി. മോസ്കോയുടെ സമീപ പ്രദേശമായ ലിപെറ്റ്സ്ക് വാഗ്നര്‍ സേന പിടിച്ചെടുത്തതായാണ് സൂചന. വെറോണേഷിലെ ഇന്ധന ഡിപ്പോയ്ക്ക് വാഗ്നര്‍ സേന ബോംബിട്ടു. ആര്‍ക്കും ജീവാപായമില്ലെന്നാണ് ലഭ്യമായ വിവരം. അട്ടിമറി നീക്കം സായുധ കലാപത്തിന് തുല്യമാണെന്നായിരുന്നു നേരത്തെ രാജ്യത്തെ അഭിസംബോധന ചെയ്ത പുതിന്റെ പ്രതികരണം. വിമതരുടെ ആക്രമണം എന്തുവില കൊടുത്തും തടയുമെന്നും രാജ്യത്തിന്റെയും പൗരന്മാരുടേയും സുരക്ഷിതത്വത്തിന് വേണ്ടി പോരാടുമെന്നും പുതിന് വ്യക്തമാക്കി. കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടേത് കുറ്റകരമായ സാഹസമാണെന്നായിരുന്നു പുതിൻ്റെ വിശേഷണം. റഷ്യയുടെ ഭാവി അപകടത്തിലാണെന്നും കലാപകാരികളുടേത് പിന്നില്‍നിന്ന് കുത്തുന്ന നീക്കമാണെന്നും പുതിന് കുറ്റപ്പെടുത്തി. ചിലരുടെ വലിയ അതിമോഹം വലിയ രാജ്യദ്രോഹത്തിലേക്ക് നയിച്ചുവെന്നും റഷ്യന്‍ സമൂഹത്തെ വിഭജിക്കുന്നവര്‍ക്ക് അനിവാര്യമായ ശിക്ഷ ലഭിക്കുമെന്നും പുതിൻ പറഞ്ഞു. രാജ്യതലസ്ഥാനത്തും വിവിധ പ്രദേശങ്ങളിലും തീവ്രവാദ വിരുദ്ധസേനകളെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി, പിന്നാലെ പുതിനു മറുപടിയുമായി വാഗ്നര്‍ സേനാത്തലവൻ യെവ്ഗനി പ്രിഗോഷിനും രംഗത്തെത്തി. തങ്ങൾ മാതൃരാജ്യത്തോട് കൂറുള്ള പോരാളികളാണെന്നും ഇതുവരെയുള്ള പോരാട്ടം രാജ്യത്തിനു വേണ്ടിയായിരുന്നു എന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും പ്രിഗോഷിൻ വ്യക്തമാക്കി. രാജ്യം അഴിമതിയിലേക്കും വഞ്ചനയിലേക്കും ഉദ്യോഗസ്ഥമേധാവിത്വത്തിലേക്കും നീങ്ങുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും പ്രിഗോഷിൻ പറഞ്ഞു. ആഭ്യന്തര കലാപ സൂചനകൾ റഷ്യയുടെ രാഷ്ട്രീയ അസ്ഥിരത വെളിവാക്കുന്നതാണെന്നായിരുന്നു യുക്രൈൻ പ്രസിഡൻ്റ് വൊളോദിമർ സെലൻസ്കിയുടെ പ്രതികരണം. റഷ്യയുടെ ബലഹീനത വ്യക്തമാണെന്നും തങ്ങളുടെ മണ്ണിലേക്ക് എത്രത്തോളം കൂലിപ്പട്ടാളക്കാരേയും സൈന്യത്തേയും എത്തിക്കുന്നുവോ അതിലേറെ പ്രശ്നങ്ങളും കലാപാന്തരീക്ഷവും റഷ്യയിൽ ഉടലെടുക്കുമെന്നും സെലൻസ്കി അഭിപ്രായപ്പെട്ടു. 25000-ത്തോളം സംഘങ്ങളുമായാണ് റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്നര്‍ സേന റഷ്യന്‍ ഭരണകൂടത്തിനു നേരെ പോരുമുറുക്കിയിരിക്കുന്നത്. യുക്രൈനെതിരായ യുദ്ധത്തില്‍ വാഗ്നര്‍ സേനയുടെ രണ്ടായിരത്തോളം സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് റഷ്യന്‍ ഭരണകൂടവും വാഗ്നര്‍ സേനയുമായി തര്‍ക്കം ഉടലെടുക്കുന്നത്

