ജില്ലയിൽ ഈ വർഷം പനിബാധിച്ചത് ഒന്നര ലക്ഷം പേർക്ക്; ഈ കണക്കുകൾകൂടി കൂട്ടിയാൽ രോഗബാധിതരുടെ എണ്ണം ഇരട്ടിയാകും

കാഞ്ഞങ്ങാട് ∙ ജില്ലയിൽ പനിബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുന്നു. ഈ വർഷം ഇതുവരെ 1,46,682 പേരാണ് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ആയുർവേദ, ഹോമിയോ, സ്വകാര്യ ആശുപത്രികൾ എന്നിവയിൽ എത്തുന്ന പനിബാധിതരുടെ എണ്ണം കൂടി കൂട്ടിയാൽ എണ്ണം ഇതിലേറെ വരും. ഈ മാസം ഇതുവരെ 17250 പേർ പനി ബാധിച്ച് ചികിത്സ തേടി. നിലവിൽ ഇപ്പോഴും ശരാശരി 1000നും 1200നും ഇടയിൽ പേർ പനി ബാധിച്ച് ചികിത്സ തേടുന്നു. ഈ വർഷം 7 പേർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്.
159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് ഈ വർഷം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം കുറവാണ്. എലിപ്പനി ജില്ലയിൽ 48 പേർക്ക് സ്ഥിരീകരിച്ചു. വയറിളക്ക രോഗങ്ങൾ ബാധിച്ച് ഈ മാസം ഇതുവരെ 1389 പേരാണ് ചികിത്സ തേടിയത്. 14,826 പേർക്കാണ് ഈ വർഷം ഇതുവരെ വയറിളക്ക രോഗം ബാധിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് വയറിളക്ക രോഗം ബാധിച്ചവരുടെ എണ്ണം ഇരട്ടിയാണ്. പനി ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്. മലയോര മേഖലയിൽ പനി മരണങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ആരോഗ്യ വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ജില്ലയിൽ 2 പേർക്കു എച്ച്1എൻ1 പനിയും സ്ഥിരീകരിച്ചിരുന്നു. തക്കാളിപ്പനി ബാധിച്ചവരുടെ എണ്ണവും ഈ വർഷം ഇരട്ടിയാണ്. കുട്ടികളിലാണ് ഈ രോഗം കൂടുതലായി കണ്ടു വരുന്നത്. 120ലധികം കേസുകൾ ആണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. അസുഖം ബാധിച്ചവർ ഏറെയും സ്വകാര്യ ആശുപത്രികളെയും ക്ലിനിക്കുകളെയും സമീപിക്കുന്ന തിനാൽ രോഗബാധി തരുടെ എണ്ണം ഇതിലും ഇരട്ടിയാകും. ജില്ലയിൽ 20ന് താഴെ ആണ് കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം.

