KSDLIVENEWS

Real news for everyone

കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെ കൊടിയുടെ നിറം നോക്കാതെ കർഷകർ കലക്ട്രേറ്റിന് മുന്നിൽ; വൻ പ്രതിഷേധമായി ആനക്കാര്യം

SHARE THIS ON

വിദ്യാനഗർ ∙ കോരിച്ചൊരിയുന്ന മഴയെ വകവയ്ക്കാതെ കൊടിയുടെ നിറം നോക്കാതെ ദേലംപാടി മുതൽ ബേഡഡുക്ക വരെയുള്ള കർഷകർ കലക്ട്രേറ്റിനു മുൻപിലെത്തിയത് ഒരേ വികാരവുമായിട്ടായിരുന്നു. കാട്ടാനകളെ തുരത്തി കൃഷിയും കർഷകരെയും സംരക്ഷിക്കണ മെന്നാവശ്യപ്പെട്ട് ‘ആനക്കാര്യം’ കർഷക കൂട്ടായ്മ നടത്തിയ മാർച്ചും ധർണയും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഗവ.കോളജ് പരിസരത്തു നിന്നു തുടങ്ങിയ മാർച്ചിൽ ദേലംപാടി, കാറഡുക്ക, മുളിയാർ, കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകളിലെ നൂറു കണക്കിന് കർഷകർ പങ്കെടുത്തു.

പ്രകോപനമോ വെല്ലുവിളികളോ ഇല്ലാതെ അധികൃതരുടെ കണ്ണു തുറപ്പിക്കുന്ന മുദ്രാവാക്യങ്ങളാണ് മാർച്ചിൽ മുഴങ്ങിയത്. കലക്ട്രേറ്റിന്റെ പ്രധാന കവാടത്തിനു മുൻപിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. തുടർന്ന് നടത്തിയ ധർണ കൂട്ടായ്മ ചെയർമാൻ കെ.പി.ജ്യോതിചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.പ്രഭാകരൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.രാഘവൻ നായർ നെയ്യങ്കയം, സി.രാമകൃഷ്ണൻ, കെ.പി.സുരേഷ് ബാബു, ടി.ഗോപിനാഥൻ നായർ, സുധാകരൻ ഒളിയത്തടുക്കം, മുളിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ജനാർദനൻ, ടി.ചന്തു എന്നിവർ പ്രസംഗിച്ചു.


കൂട്ടായ്മ ഭാരവാഹികളായ ഇ.മണികണ്ഠൻ, സുനിൽ ബാളക്കണ്ടം, കെ.കുഞ്ഞിരാമൻ തീർഥക്കര, നാരായണൻ ദർഘാസ്, ജയരാജ് കൊട്ടംകുഴി, ഇ.ബി.കൃഷ്ണരാജ്, കെ.കുമാരൻ കുണ്ടൂച്ചി, ഗോപാലകൃഷ്ണൻ ദർഘാസ് തുടങ്ങിയവർ മാർച്ചിനു നേതൃത്വം നൽകി. തുടർന്നു കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിനെ നേരിട്ട് കണ്ടു നിവേദനം നൽകി. കർണാടകയിൽ നിന്നെത്തിയ കാട്ടാനക്കൂട്ടം കഴിഞ്ഞ 2 പതിറ്റാണ്ടിലേറെയായി കാസർകോട് താലൂക്കിലെ ദേലംപാടി, മുളിയാർ, കാറഡുക്ക, കുറ്റിക്കോൽ, ബേഡഡുക്ക പഞ്ചായത്തുകളിൽ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ 2 വർഷമായി പ്രശ്നം രൂക്ഷമാണ്. വനാതിർത്തി പ്രദേശങ്ങളിൽ മാത്രമല്ല ടൗണുകളുടെ അരികിൽ പോലും ആനകളുടെ ഭീഷണിയുണ്ട്. വീടുകളിൽ പോലും സമാധാനമായി കിടന്നുറങ്ങാൻ കഴിയാത്ത സാഹചര്യത്തിലും വനംവകുപ്പിന്റെ അനങ്ങാപ്പാറ നയത്തിൽ പ്രതിഷേധിച്ചാണ് കക്ഷിരാഷ്ട്രീയത്തിന് അതീതമായി രൂപീകരിച്ച ആനക്കാര്യം കർഷക കൂട്ടായ്മ പ്രതിഷേധത്തിനിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!