ഈ പോക്കിന് കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

ഈ രീതിയില്‍ പോയാല്‍ കോണ്‍ഗ്രസിന്റെ ഭാവി വിദൂരമാണെന്ന് അനില്‍ ആന്റണി. രാഹുല്‍ ഗാന്ധിയോട് ഇഷ്ടവും ബഹുമാനവുമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ചുറ്റുമുള്ളവരെ കാണുമ്പോഴും അണികളെ കാണുമ്പോഴും അദ്ദേഹത്തോട് സഹതാപമാണെന്നും അദ്ദേഹം പറയുന്നു. എന്തും പറയുന്ന ഒരു കാലത്തിലേക്ക് കോണ്‍ഗ്രസുകാര്‍ അധഃപതിച്ചത് കാരണമാണ് കോണ്‍ഗ്രസ് ഈ നിലയിലേക്ക് എത്തിയത്. ഇന്ന് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് പോകാന്‍ ആലോചിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അനില്‍, ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് പറഞ്ഞു. കോണ്‍ഗ്രസിലെ സ്ഥാനങ്ങള്‍ രാജിവച്ചതിന് ശേഷം മാതൃഭൂമി ന്യൂസ് സ്പെഷ്യല്‍ കറസ്പോണ്ടന്റ് ബി. ബാലഗോപാലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ആണ് അനില്‍ ആന്റണി മനസ്സ് തുറന്നത്. എന്തുകൊണ്ടാണ് രാജി? ഞാന്‍ ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് രാജിവെച്ചു. രാജിവച്ചതിന്റെ കാരണം ആ കത്തില്‍ വിശദമായി പറഞ്ഞിട്ടുണ്ട്. പല കാരണങ്ങള്‍ ഉണ്ട്. പക്ഷേ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നത് വളരെ ദുഃഖകരമായ ഒരുപാട് കാര്യങ്ങളാണ്. ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ ഭാരവാഹിത്വം വഹിക്കുന്നത് എനിക്കോ പാര്‍ട്ടിക്കോ ഗുണം ചെയ്യില്ലെന്ന വ്യക്തമായ ബോധ്യം ഉള്ളതിനാലാണ് രാജിവെച്ചത്.

