KSDLIVENEWS

Real news for everyone

മോദിജി 19 വര്‍ഷം സഹിച്ചു; ആ വേദന നേരിട്ട് കണ്ടിട്ടുണ്ട്’ – ഗുജറാത്ത് കലാപത്തെക്കുറിച്ച് അമിത് ഷാ

SHARE THIS ON

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന തെറ്റായ ആരോപണം 19 വര്‍ഷത്തോളം പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനമായി സഹിച്ചുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. അതില്‍ അദ്ദേഹം അനുഭവിച്ച വേദനകളും കഷ്ടപാടുകളും താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും ഷാ പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കഴിഞ്ഞ ദിവസം സാക്കിയ ജഫ്രിയുടെ പരാതി തള്ളിയ സുപ്രീംകോടതി ഗുജറാത്ത് കലാപത്തിന്റെ നിഴലില്‍നിന്ന് നരേന്ദ്ര മോദിയെ അന്തിമമായി മോചിപ്പിച്ചിരിക്കുന്നു. മോദിയുള്‍പ്പെടെ 64 പേര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ എസ്.ഐ.ടി. അന്വേഷണറിപ്പോര്‍ട്ട് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ പ്രതികരണം.

’18-19 വര്‍ഷം നീണ്ട ഈ പോരാട്ടത്തില്‍ ഇത്രയും വലിയൊരു നേതാവ് ഒരു വാക്ക് പോലും ഉരിയിടാതെ ഭഗവാന്‍ ശങ്കരന്റെ വിഷം പോലെ എല്ലാം സഹിച്ചുകൊണ്ട് പോരാടി. അതിന്റെ കഷ്ടതകള്‍ അദ്ദേഹം അനുഭവിക്കുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. ശക്തമായ ഇച്ഛാശക്തിയുള്ള ഒരാള്‍ക്ക് കേസ് കോടതിയില്‍ ആയതുകൊണ്ട് നിശബ്ദത പാലിക്കാനേ കഴിയൂ.

രാഹുല്‍ ഗാന്ധിയെ ഇ.ഡി.ചോദ്യം ചെയ്യുന്നതിനിടെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തേയും അഭിമുഖത്തില്‍ അമിത് ഷാ പരോക്ഷമായി പരിഹസിച്ചു. ‘പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ മോദിജി നാടകം കളിച്ചില്ല. എനിക്ക് പിന്തുണയുമായി വരൂ, എംഎല്‍എമാരേയും എംപിമാരേയും വിളിച്ച് ധര്‍ണ നടത്തൂവെന്ന് ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പ്രത്യേക അന്വേഷണ സംഘത്തന് ചോദ്യം ചെയ്യണമായിരുന്നെങ്കില്‍ അദ്ദേഹം അതിന് തയ്യാറായിരുന്നു. എന്തിന് പ്രതിഷേധിക്കണം?’ ഷാ ചോദിച്ചു.

രാഷ്ട്രീയ പ്രേരിതമായി ചില മാധ്യമപ്രവര്‍ത്തകരും എന്‍ജിഒകളും ആരോപണങ്ങള്‍ ഉന്നയിച്ചു. അത് സത്യമാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ അവര്‍ക്ക് അടിത്തറയുണ്ടായിരുന്നു അക്കാലത്ത്. സുപ്രീംകോടതിയുടെ കഴിഞ്ഞ ദിവസത്തെ വിധിന്യായം താന്‍ ഒറ്റനോട്ടത്തില്‍ വായിച്ചു, ടീസ്ത സെതല്‍വാദിന്റെ പേര് അതില്‍ കൃത്യമായി പരാമര്‍ശിച്ചിട്ടുണ്ട്. ടീസ്റ്റ സെതല്‍വാദിന്റെ എന്‍ജിഒയാണ് ഇതെല്ലാം ചെയ്യുന്നതെന്നും അന്നത്തെ യുപിഎ സര്‍ക്കാര്‍ എന്‍ജിഒയെ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും എല്ലാവര്‍ക്കും അറിയാവുന്നതാണ്.

സാക്കിയ ജഫ്രി ചിലരുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിച്ചതെന്ന് സുപ്രീംകോടതി പറയുന്നുണ്ട്. പല ഇരകളുടേയും സത്യവാങ്മൂലത്തില്‍ ടീസ്റ്റ സെതല്‍വാദിന്റെ എന്‍ജിഒ ആണ് ഒപ്പുവെച്ചിരുന്നത്. ട്രെയിന്‍ (ഗോധ്ര) കത്തിച്ചതിന് ശേഷമുള്ള കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും സ്വയംപ്രേരിതമാണെന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥരും ഭരണകൂടവും കൃത്യമായാണ് കാര്യങ്ങള്‍ ചെയ്തത്. തീവെപ്പിനെ തുടര്‍ന്ന് ആളുകളില്‍ ദേഷ്യമുണ്ടായിരുന്നുവെങ്കിലും ഒരു കലാപം നടക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് ഒരു സൂചനയും പോലീസിന് അതിന് മുമ്പോ ശേഷമോ ലഭിച്ചിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

ഇത്രയും രൂക്ഷമായ പ്രതികരണങ്ങള്‍ ഉണ്ടാകുമെന്ന ഒരു വിവരവും ലഭിച്ചിരുന്നില്ല. ഗോധ്ര തീവെപ്പില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പ്രദര്‍ശനം നടത്തിയെന്ന് പറയുന്നത് തെറ്റാണ്. അങ്ങനെ ഉണ്ടായിട്ടില്ല. ആശുപത്രികളില്‍ നിന്ന് മൃതദേഹങ്ങള്‍ അടച്ച ആംബുലന്‍സിലാണ് കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തത്. നടപടികള്‍ സ്വീകരിക്കുന്നതില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഒരു തരത്തിലും വൈകിപ്പിച്ചിട്ടില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു.

‘ഗുജറാത്തില്‍ ബന്ദിന് ആഹ്വാനം ചെയ്ത അന്നു തന്നെ ഞങ്ങള്‍ സൈന്യത്തെ വിളിച്ചിരുന്നു. സൈന്യം എത്താന്‍ കുറച്ച് സമയമെടുക്കും. എന്നാല്‍ സൈന്യം എത്താന്‍ ഒരു ദിവസംപോലെ വൈകിച്ചില്ല. കോടതി അതിന് തങ്ങളെ അഭിനന്ദിക്കുകയും ചെയ്തു’ ഷാ പറഞ്ഞു.

Leave a Reply

Your email address will not be published.

error: Content is protected !!