KSDLIVENEWS

Real news for everyone

താലിബാനെ അഫ്ഗാന്‍ സര്‍ക്കാരായി അംഗീകരിക്കില്ല; നിലപാട് വ്യക്തമാക്കി താജികിസ്താന്‍

SHARE THIS ON

ദുഷൻബെ: അഫ്ഗാനിസ്താനിൽ അധികാരം പിടിച്ചെടുത്ത താലിബാനെ അവിടുത്തെ സർക്കാരായി അംഗീകരിക്കില്ലെന്ന് താജികിസ്താൻ. അക്രമണത്തിലൂടെയും അടിച്ചമർത്തലിലൂടെയും അധികാരം പിടിച്ചെടുത്തവരെ താജികിസ്താൻ അംഗീകരിക്കുന്നില്ലെന്ന് പ്രസിഡന്റ് ഇമാമലി റഹ്മാൻ വ്യക്തമാക്കി.

പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് താജികിസ്താൻ പ്രസ്താവനയിലൂടെ നിലപാട് അറിയിച്ചത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ താജികിസ്താൻ സന്ദർശിക്കാനിരിക്കെയാണ് നിലപാട് വ്യക്തമാക്കിയതെന്നതും ശ്രദ്ധേയമാണ്.


മുൻപ് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ച് ഇടക്കാല ഗവൺമെന്റ് രൂപീകരിക്കാനും ഇസ്ലാമിക് എമിറേറ്റായി അഫ്ഗാനെ മാറ്റാനുമാണ് താലിബാൻ ശ്രമമെന്നും താജികിസ്താൻ പറയുന്നു. അഫ്ഗാനിസ്താൻ എങ്ങനെയായിരിക്കണമെന്ന് ഹിതപരിശോധനയിലൂടെ വേണം നിർണയിക്കാനെന്നും രാജ്യത്ത് സ്ഥിരത കൈവരിക്കുന്നതിന് എപ്പോഴും താജികിസ്താൻ പിന്തുണയ്ക്കുന്നു.

നിയമവാഴ്ചയ്ക്കെതിരായി അഫ്ഗാനിൽ നടക്കുന്ന കാര്യങ്ങളെ അപലപിക്കുന്നു. ന്യൂനപക്ഷങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിഭാഗം അഫ്ഗാനികളെയും കണക്കിലെടുക്കാതെ രൂപീകരിക്കുന്ന ഒരു സർക്കാരിനേയും താജികിസ്താൻ അംഗീകരിക്കില്ലെന്നും പ്രസ്താവനയിൽ പറയുന്നു.


അഫ്ഗാനിസ്താനിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ടി ലോക രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടാകണമെന്നും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിച്ച് സമാധാനപരമായ ജനജീവിതം ഉറപ്പുവരുത്തണമെന്നും താജികിസ്താൻ പ്രസിഡന്റ് ആവശ്യപ്പെപ്പെട്ടു. അഫ്ഗാനിസ്താനുമായി 1300 കിലോമീറ്ററോളം അതിർത്തി പങ്കിടുന്ന രാജ്യമാണ് താജികിസ്താൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!