KSDLIVENEWS

Real news for everyone

മാമുക്കോയക്ക് അർഹിച്ച ആദരവ് നൽകിയില്ല, പ്രമുഖർ വരാതിരുന്നതും അനാദരവ്; വിമർശനവുമായി വിനുവും ആര്യാടൻ ഷൗക്കത്തും

SHARE THIS ON

കോഴിക്കോട്: മലയാളത്തിന്‍റെ പ്രിയ നടൻ മാമൂക്കോയക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖരടക്കം പലരും വരാത്തതിൽ അനുസ്മരണ സമ്മേളനത്തിൽ വിമർശനം. മാമുക്കോയയ്ക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്നതടക്കമുള്ള രൂക്ഷ വിമർശനമാണ് അനുസ്മരണ യോഗത്തിൽ സംസാരിച്ച സംവിധായകൻ വി എം വിനു ഉന്നയിച്ചത്. പലരും വരുമെന്ന് കരുതിയെന്നും പക്ഷേ വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറണാകുളത്ത് പോയി മരിച്ചാൽ കൂടുതൽ സിനിമാക്കാർ വരുമായിരുന്നു എന്ന പരിഹാസവും സംവിധായകൻ മുന്നോട്ടുവച്ചു. പല പ്രമുഖരും വരാതിരുന്നത് മാമുക്കോയയോടുള്ള അനാദരവായെന്നും അനുസ്മരണ സമ്മേളനത്തിൽ വി എം വിനു പറഞ്ഞു. താൻ ഏറണാകുളത്ത് പോയി മരിയ്ക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ച ആര്യാടൻ ഷൗക്കത്തും ഇക്കാര്യം ചൂണ്ടികാട്ടി. മാമുക്കോയ നൽകിയ സ്നേഹം മലയാള സിനിമാ ലോകത്തിന് തിരിച്ചു നൽകാൻ ആയില്ലെന്നാണ് ആര്യാടൻ ഷൗക്കത്ത് പറഞ്ഞത്. എല്ലാവരെയും സ്നേഹിച്ച വ്യക്തി ആയിരുന്നു മാമുക്കോയ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഇന്നലെ അന്തരിച്ച മലയാളത്തിന്റെ പ്രിയ നടൻ മാമുക്കോയയുടെ സംസ്കാരം കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ ഇന്ന് നടന്നു. വീട്ടിൽ ഒൻപതര വരെ പൊതുദർശനത്തിന് വെച്ചശേഷമാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. മാമുക്കോയയുടെ ആഗ്രഹപ്രകാരമാണ് കണ്ണംപറമ്പ് ഖബർ സ്ഥാനിൽ ഖബറടക്കിയത്. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്. മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നത് വരേയും മാമുക്കോയയെ അവസാനമായി ഒരു നോക്ക് കാണാനുള്ള ഒഴുക്കായിരുന്നു വീട്ടിലേക്ക്. നിരവധി ആളുകൾ പ്രിയതാരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. സിനിമ- നാടക -സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നുള്ളവർക്കൊപ്പം മാമുക്കോയയുടെ പ്രിയപ്പെട്ട കോഴിക്കോട്ടെ നാട്ടുകാരും അവസാനമായി ആദരാഞ്ജലികളർപ്പിക്കാൻ ടൌൺഹാളിലേക്ക് ഒഴുകിയെത്തി. ‌കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.05 നായിരുന്നു മാമുക്കോയയുടെ അന്ത്യം. വണ്ടൂരിലെ പൊതുപരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!