സ്കൂളിലേക്കുള്ള യാത്രാമധ്യേ 12-കാരി പീഡനത്തിനിരയായി; പോലീസ് പിടികൂടിയ പ്രതിക്ക് വെടിയേറ്റു

നോയ്ഡ: ഉത്തര്‍പ്രദേശില്‍ സ്കൂളിലേക്കുള്ള യാത്രാമധ്യേ 12 വയസുകാരി പീഡനത്തിനിരയായി. നോയ്ഡയിലെ സെക്ടര്‍ 32 ഭാഗത്ത് വെച്ചാണ് പീഡനം നടന്നത്. സെക്ടര്‍ 24 പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് 20 കാരനെ പോലീസ് പിടികൂടി. കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട് ഓടുന്നതിനിടെ പ്രതിക്ക് വെടിയേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാളെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂളിലേക്ക് പോകുന്ന വഴി പെണ്‍കുട്ടിയെ ഇയാള്‍ പ്രലോഭിപ്പിച്ച് ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുമായി നേരത്തെ ബന്ധമുണ്ടെന്ന് പ്രതി പോലീസിന് മൊഴി നല്കി. ഇയാള്‍ക്കെതിരെ പോക്സോ കേസും ബലാത്സഗം(ഐ.പി.സി 376) വകുപ്പും ചുമത്തിയാണ് കേസെടുത്തത്. തുടര്‍ന്ന് മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി.
തിരിച്ച് വരുന്നതിനിടെ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് നോയ്ഡ അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ റണ്‍വിജയ് സിങ് പറഞ്ഞു.രക്ഷപ്പെട്ടോടിയെ പ്രതിയെ പിടികൂടാനായി പോലീസ് പുറകെ പോയപ്പോള്‍ ഇയാള്‍ പോലീസുകാരെ അക്രമിച്ചെന്നും ഇതിനിടെ കാലിന് വെടിയേല്‍ക്കുകയായിരുന്നുവെന്നും
ഡി.സി.പി അറിയിച്ചു.

