റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; സൗദിക്ക് സൈനിക സഹായവുമായി ഈജിപ്ത്

ദുബായ്: സൗദിയിലെ തന്ത്രപ്രധാന ഈസ്റ്റ്– വെസ്റ്റ് ക്രൂഡ് ഓയിൽ പൈപ്പ്‌ലൈൻ ലക്ഷ്യമാക്കി വീണ്ടും ഹൂതി ആക്രമണം. പമ്പിങ് സ്റ്റേഷനുകൾ ആക്രമണത്തിൽ തകർന്നു. റിയാദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയും ആക്രമണമുണ്ടായി. റിയാദിനു മുകളിൽ 3 ഡ്രോണുകൾ പ്രതിരോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു. ഇതേസമയം, യെമനിൽ സൗദിയുടെ ആയുധ സംഭരണ കേന്ദ്രം ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടു.
യെമൻ തലസ്ഥാനമായ സനായിൽ ഹൂതികൾ ബാലിസ്റ്റിക് മിസൈലുകൾ തൊടുക്കാൻ ഉപയോഗിക്കുന്ന ലോഞ്ചറുകൾ സൗദി സഖ്യ സേന ബോംബിട്ടു തകർത്തു. ബാലിസ്റ്റിക് മിസൈലുകൾ സംഭരിച്ചു വച്ചിരുന്ന ടണലുകളും മിസൈൽ സംഭരണ കേന്ദ്രങ്ങളും ആക്രമിച്ചു. തീവ്രവാദികൾ തമ്പടിച്ചിരിക്കുന്ന കോട്ടകൾ, ക്യാംപുകൾ എന്നിവയും നശിപ്പിച്ചതായി സഖ്യസേന അറിയിച്ചു.
അതിനിടെ, ഹൂതികളെ നേരിടാൻ സൗദിക്ക് സൈനിക സഹായം നൽകാൻ ഈജിപ്ത് തീരുമാനിച്ചു. മക്ക സൈനിക ഉടമ്പടിയിലെ കക്ഷികളായ തുർക്കി, സൗദി, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ഇറാനിലെത്തി. സംഘർഷത്തിൽ അയവു വരുത്തുകയാണ് ലക്ഷ്യം. ഉടമ്പടി നിലവിൽ വന്നതിനു ശേഷം ആദ്യമായാണ് ത്രിരാഷ്ട്ര പ്രതിനിധികൾ ഇറാനുമായി ചർച്ചയ്ക്കു പോകുന്നത്. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ, പാക്കിസ്ഥാൻ സൈനിക മേധാവി അസീം മുനീർ, തുർക്കിയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവി ഇബ്രാഹിം കാലിൻ എന്നിവരാണ് ഇറാനിൽ എത്തിയത്.
അതിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി എന്നിവരുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇന്ന് മോസ്കോയിൽ കൂടിക്കാഴ്ച നടത്തും.

