കോവിഡ് ഒമിക്രോണ്‍ വകഭേദം: ഏഴ് രാജ്യങ്ങള്‍ക്ക് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി യു.എസ്

വാഷിങ്ടൺ ഡിസി: ജനിതകമാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് സൗത്ത് ആഫ്രിക്ക ഉൾപ്പെടെ വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഏഴ് രാജ്യങ്ങളിലേക്കുള്ള യാത്രാനിയന്ത്രണം നവംബർ 29 മുതൽ നിലവിൽ വരുമെന്ന് ബൈഡൻ അഡ്മിനിസ്ട്രേഷൻ വെള്ളിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു.
സൗത്ത് ആഫ്രിക്ക, ബോട്ട്സ് വാന, സിംബാബ് വെ, നമീബിയ. ലെസോത്തെ, സ്വാറ്റിനി, മൊസാബിക് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് നിയന്ത്രണം നിലവിൽ വരുന്നത്.
പ്രസിഡന്റ് ചീഫ് മെഡിക്കൽ അഡൈ്വസർ ആന്റണി ഫൗസി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചുരുങ്ങിയത് പന്ത്രണ്ട് രാഷ്ട്രങ്ങളിലേക്കെങ്കിലും നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം ഗവൺമെന്റ് പരിഗണിച്ചുവരികയാണ്.
താങ്ക്സ് ഗിവിങ് അവധിയിലായിരുന്ന പ്രസിഡന്റ് പുതിയ സംഭവവികാസങ്ങളെക്കുറിച്ച് വെള്ളിയാഴ്ച പത്രപ്രസ്താവന നടത്തി. രണ്ടു ഡോസ് വാക്സിനേഷൻ സ്വീകരിച്ചവർ ബൂസ്റ്റർ ഡോസ് എടുക്കണമെന്നും ഇതുവരെ വാക്സിനേറ്റ് ചെയ്യാത്തവർ സ്വീകരിക്കണമെന്നും അഭ്യർത്ഥിച്ചു. സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വൈറസ് നൽകുന്ന സൂചന പാൻഡമിക്കിന്റെ പിടിയിൽ നിന്നു മോചിതമാകണമെങ്കിൽ എല്ലാവരും വാക്സിനേറ്റ് ചെയ്തിരിക്കണമെന്നും ബൈഡൻ പറഞ്ഞു. മറ്റു ഏതു രാജ്യങ്ങളേക്കാളും വാക്സിൻ സംഭാവന നൽകിയ രാജ്യം യു.എസ് ആണെന്നും ബൈഡൻ അഭിപ്രായപ്പെട്ടു.

