ഒമൈക്രോൺ: ദക്ഷിണാഫ്രിക്കയിൽനിന്നുള്ള യാത്രക്കാർക്ക് മുംബൈയിൽ ക്വാറന്റീൻ.

മുംബൈ ∙ ദക്ഷിണാഫ്രിക്കയിൽനിന്നു വരുന്ന യാത്രക്കാർക്കു ക്വാറന്റീൻ ഏർപ്പെടുത്തുമെന്നു മുംബൈ വിമാനത്താവളം അധികൃതർ അറിയിച്ചു. ഒമൈക്രോൺ കോവിഡ് വകഭേദം പടരുന്നതു കണക്കിലെടുത്താണു തീരുമാനമെന്നു മുംബൈ മേയർ വ്യക്തമാക്കി. കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടെത്തുന്നവരിൽ ജനിതക ശ്രേണീകരണവും (ജീനോം സീക്വൻസിങ്) നടത്തും.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദമാണ് ഒമൈക്രോൺ (ബി.1.1.529). മനുഷ്യരുടെ പ്രതിരോധ ശേഷിയെ ഭേദിക്കുന്ന ഒമൈക്രോണിനു മറ്റു വകഭേദങ്ങളേക്കാൾ കൂടുതൽ വ്യാപനശേഷിയുണ്ടെന്നാണു റിപ്പോർട്ട്. നിരവധി രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽനിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണു മുംബൈയിലും നിയന്ത്രണം ഏർപ്പെടുത്തുന്നത്.
‘പുതിയ വൈറസ് വകഭേദത്തെക്കുറിച്ചു മുംബൈയിൽ ആശങ്കയുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള യാത്രക്കാരിൽ കോവിഡ് പോസിറ്റീവ് ആയവരുടെ ജനിതക ശ്രേണീകരണം നടത്തും. വിദേശ രാജ്യങ്ങളിലേക്കു പോകുന്ന വിമാനങ്ങളിൽ നിലവിൽ നിയന്ത്രണങ്ങളില്ല. മുൻകാല അനുഭവങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണം നടപ്പാക്കുന്നത്. അകലം പാലിക്കലും മാസ്ക് ധരിക്കലും അടക്കമുള്ള നിർദേശങ്ങൾ പാലിക്കണം’– മുംബൈ മേയർ കിഷോരി പെഡ്നേക്കർ പറഞ്ഞു.

