KSDLIVENEWS

Real news for everyone

120 മണിക്കൂര്‍ റെയ്ഡ്, പണമായി മാത്രം 257 കോടി രൂപ, ദുബായിലും സ്വത്ത്; പീയുഷ് അറസ്റ്റില്‍

SHARE THIS ON

ലഖ്നൗ: കാൻപുരിലെ സുഗന്ധദ്രവ്യ വ്യാപാരി പീയുഷ് ജെയിനിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പണമായി മാത്രം 257 കോടി രൂപ പിടിച്ചെടുത്തു. ഇതിനുപുറമേ കിലോക്കണക്കിന് സ്വർണവും നിരവധി ആഡംബര വസ്തുവകകളുടെ രേഖകളും വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. 120 മണിക്കൂർ നീണ്ട റെയ്ഡിനൊടുവിലാണ് ഇത്രയും പണവും രേഖകളും പിടിച്ചെടുത്തത്.

നികുതി വെട്ടിപ്പ് നടത്തിയതിന് പീയുഷ് ജെയിനിനെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. 50 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് പീയുഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സി.ജി.എസ്.ടി. ആക്ടിലെ സെക്ഷൻ 69 പ്രകാരമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും വിശദമായ അന്വേഷണം തുടരുകയാണെന്നും അധികൃതർ പറഞ്ഞു.


ആദായനികുതി വകുപ്പും ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗവും സംയുക്തമായാണ് പീയുഷ് ജെയിനിന്റെ കാൻപുരിലെ വീട്ടിൽ റെയ്ഡ് നടത്തിയത്. വീട്ടിൽനിന്ന് കണ്ടെടുത്ത പണം എണ്ണിതീർക്കാൻ മാത്രം മണിക്കൂറുകളാണ് ഉദ്യോഗസ്ഥർക്ക് വേണ്ടിവന്നത്. ഇതിനുപുറമേയാണ് കിലോക്കണക്കിന് സ്വർണവും വിവിധ വസ്തുവകകളുടെ രേഖകളും പിടിച്ചെടുത്തത്. കോടികൾ വിലമതിക്കുന്ന 16 വസ്തുവകകളുടെ രേഖകളാണ് റെയ്ഡിൽ കണ്ടെത്തിയത്. ഇതിൽ നാലെണ്ണം കാൻപുരിൽ തന്നെയാണ്. ഏഴ് വസ്തുവകകൾ കനൗജിലാണെന്നും രണ്ടെണ്ണം മുംബൈയിലുണ്ടെന്നും ഒരെണ്ണം ഡൽഹിയിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ദുബായിൽ രണ്ട് വസ്തുവകകളുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

പീയുഷിന്റെ വീട്ടിൽ 18 ലോക്കറുകളാണ് അന്വേഷണസംഘം കണ്ടെത്തിയത്. 500 താക്കോലുകളടങ്ങിയ വലിയൊരു താക്കോൽക്കൂട്ടവും കണ്ടെടുത്തു. ഇതിൽ പല താക്കോലുകളും ഉപയോഗിച്ചാണ് ലോക്കറുകൾ തുറക്കാൻ ശ്രമിച്ചത്.


അതേസമയം, ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയപ്പോൾ പീയുഷ് ജെയിൻ ഡൽഹിയിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജോലിക്കാരൻ വെളിപ്പെടുത്തി. പിതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെല്ലാം ഡൽഹിയിലായിരുന്നു. പീയുഷിന്റെ രണ്ട് ആൺമക്കൾ മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. ഉദ്യോഗസ്ഥർ വിളിപ്പിച്ചതോടെയാണ് പീയുഷ് ജെയിൻ കാൻപുരിൽ മടങ്ങിയെത്തിയതെന്നും വീട്ടുജോലിക്കാരനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സുഗന്ധദ്രവ്യ വ്യാപാരിയെന്ന നിലയിലാണ് പീയുഷ് ജെയിൻ അറിയപ്പെട്ടിരുന്നത്. കാൻപുർ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ ബിസിനസ്. കനൗജിലും മുംബൈയിലും പീയുഷിന് ഓഫീസുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!