പണിമുടക്കിൽ ജില്ലയിൽ ലാഭം കൊയ്ത് കെ.എസ്.ആർ.ടി.സി : മുന്ന് ദിവസം കൊണ്ട് നേടിയത് 45 ലക്ഷത്തിലധികം രൂപ

കാസർകോട് : മൂന്നുദിവസം നീണ്ടുനിന്ന സ്വകാര്യബസ് പണിമുടക്കിൽ നേട്ടം കൊയ്ത് കെ.എസ്.ആർ.ടി.സി. മൂന്നുദിവസംകൊണ്ട് കാസർകോട് ഡിപ്പോയിൽ നേടിയത് 45,28,771 രൂപയുടെ വരുമാനമാണ് കെ.എസ്.ആർ.ടി.സി.ക്ക് ലഭിച്ചത്.
പണിമുടക്ക് തുടങ്ങിയ ആദ്യദിനം 13,81,3 93 രൂപയാണ് വരുമാനം. രണ്ടാംദിനം 14,98,889 രൂപയും മൂന്നാംദിനം 16,48,489 രൂപയും വരുമാനം നേടി. കാസർകോട് ഡിപ്പോയിൽനിന്ന് സർവീസ് നടത്തിയ 66 വാഹനങ്ങളിൽനിന്നാണ് ഇത്രയും വരുമാനം നേടിയത്.
കെ.എസ്.ആർ.ടി.സി. കാസർകോട് ഡിപ്പോ ഒരുദിവസം ലക്ഷ്യംവെക്കുന്നത് 13,16,250 രൂപയാണ്.കോവിഡിനുമുൻപ് പലദിവസങ്ങളിലും ഈ ലക്ഷ്യം സാധ്യമാക്കിയിരുന്നു. എന്നാൽ, കോവിഡിനുശേഷം ദിനംപ്രതി ലഭിച്ചിരുന്ന വരുമാനം 10 ലക്ഷത്തിനും 11 ലക്ഷത്തിനുമിടയിൽ മാത്രമായിരുന്നു. കോവിഡിനുശേഷം ആദ്യമായാണ് കാസർകോട് ഡിപ്പോ വരുമാനത്തിൽ നേട്ടം കൊയ്തത്.
തിങ്കൾ-ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന ദേശീയ പണിമുടക്കിൽ മുഴുവൻ തൊഴിലാളി സംഘടനകളും പങ്കെടുക്കുന്നതിനാൽ കെ.എസ്.ആർ.ടി.സി. ബസുകളും സർവീസ് നടത്തുകയില്ലെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.
https://chat.whatsapp.com/GDH2VfeHWsEH5FebQTpNj6

