KSDLIVENEWS

Real news for everyone

മുഹമ്മദ് സുബൈറിനെ കോടതിയില്‍ ഹാജരാക്കി; കേസ് അസംബന്ധമെന്ന് അഭിഭാഷക, നടപടി രാഷ്ട്രീയപരമല്ലെന്ന് പൊലീസ്

SHARE THIS ON

ദില്ലി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരായ കേസ് അസംബന്ധമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷക വൃന്ദ ഗ്രോവര്‍ പറഞ്ഞു. മതവികാരം വ്രണപ്പെടുത്തി എന്നത് തെറ്റാണ്. അദ്ദേഹത്തിന്‍റെ ട്വീറ്റ് മൂലം ആരാധനാലയമോ പരിപാവനം എന്ന് കരുതുന്ന സ്ഥലമോ തകര്‍ക്കപ്പെട്ടിട്ടില്ല. പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നതല്ല കേസ് എന്നും അഭിഭാഷക വ്യക്തമാക്കി. മുഹമ്മദ് സുബൈറിനെ ഇന്ന് പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കി.

ഒരു കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച്‌ മറ്റൊരു കേസില്‍ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തുവെന്ന് അഭിഭാഷക ആരോപിച്ചു. 1983 ലെ ഒരു സിനിമയിലെ ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ചിത്രത്തില്‍ എഡിറ്റിങ് ഉണ്ടായിട്ടില്ല. ഹണിമൂണ്‍ ആഘോഷിക്കുന്നവരെ കുറിച്ചുള്ള തമാശയാണ് ട്വീറ്റ് ചെയ്തത്. റിമാന്‍ഡ് റിപ്പോര്‍ട്ട് പോലും നല്‍കിയില്ല. ജനാധിപത്യ രാജ്യത്ത് അഭിപ്രായസ്വാതന്ത്ര്യം ഉണ്ട് എന്നും അഭിഭാഷക പറഞ്ഞു.

‘2018ലെ ട്വീറ്റ് ശ്രദ്ധയില്‍ വന്നത് ഇപ്പോള്‍’; സുബൈറിനെ അറസ്റ്റ് ചെയ്തത് ഹിന്ദി സിനിമയിലെ ദൃശ്യം പങ്കുവച്ചതിന്

2018 ല്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നഷ്ടമായതായി മുഹമ്മദ് സുബൈര്‍ കോടതിയില്‍ പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തിയാലൊന്നും മൊബൈല്‍ ഫോണ്‍ തിരികെ കിട്ടില്ല. പൊലീസ് അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ്. സത്യം പറയുക എന്നത് മാധ്യമപ്രവര്‍ത്തകരുടെ കടമയാണ്. അതുകാരണം തന്നെ ലക്ഷ്യം വെക്കുന്നു. കേസില്‍ ഒരു ബന്ധവുമില്ലാത്ത ലാപ്ടോപ്പാണ് പൊലീസ് തേടുന്നത്. വ്യക്തിവിവരങ്ങള്‍ ഇല്ലാത്ത ഒരു ട്വിറ്റര്‍ ഹാന്‍ഡിലിന്റെ ആദ്യത്തെ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ കേസ് എടുത്തു എന്നത് അത്ഭുതകരമാണെന്നും മുഹമ്മദ് സുബൈര്‍ കോടതിയില്‍ പറഞ്ഞു.

അതേസമയം, മുഹമ്മദ് സുബൈറിന്റെ ട്വീറ്റ് മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാണെന്ന് ദില്ലി പൊലീസ് ആവര്‍ത്തിക്കുന്നു. സുബൈര്‍ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ മായ്ച്ചു കളഞ്ഞു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചത്. റീ ട്വീറ്റ് ചെയ്താലും അത് നിങ്ങളുടെ നിലപാടാകും. അങ്ങനെ ചെയ്യുന്നത് ഏത് സമയത്താണ് എന്നത് ബാധകമല്ല. നടപടിക്രമങ്ങള്‍ പാലിച്ചാണ് അറസ്റ്റ് ചെയ്തത്. നടപടി രാഷ്ട്രീയപരമാണ് എന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും ദില്ലി പൊലീസ് വിശദീകരിക്കുന്നു.

മുഹമ്മദ് സുബൈര്‍ ഫോണിലെ എല്ലാ ആപ്ലിക്കേഷനും ഡിലീറ്റ് ചെയ്തതാണ് കൊണ്ടുവന്നത് എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പരാതിക്കാരന്‍ അജ്ഞാതനല്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. എല്ലാ വിവരങ്ങളും പൊലീസിന്റെ പക്കല്‍ ഉണ്ട്. ലാപ്ടോപ് മറ്റുപകരണങ്ങളും കണ്ടെടുക്കണം. സുബൈറിനെ പൊലീസ് കസ്റ്റഡിയില്‍ വിടണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

ആള്‍ട്ട് ന്യൂസ് സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്‍റെ അറസ്റ്റിനെ അപലപിച്ച്‌ എഡിറ്റേഴ്സ് ഗില്‍ഡ്; ഉടന്‍ വിട്ടയക്കണമെന്നാവശ്യം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!