KSDLIVENEWS

Real news for everyone

ചരിത്രം കുറിച്ച് നീരജ് ചോപ്ര: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം

SHARE THIS ON

ബുഡാപെസ്റ്റ്: ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിലേക്ക് കണ്ണും നട്ടിരുന്ന രാജ്യത്തെ കായിക പ്രേമികളെ സാക്ഷിയാക്കി നീരജ് ചോപ്ര ചരിത്രം കുറിച്ചു. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന് ആദ്യ സ്വര്‍ണ മെഡല്‍ നേടികൊടുത്തിരിക്കുകയാണ് നീരജ്. 88.17 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും ഒളമ്പിക്‌സിലും സ്വര്‍ണ മെഡല്‍ കരസ്ഥമാക്കുന്ന അത്യപൂര്‍വ്വ നേട്ടംകൂടിയാണ് നീരജ് സ്വന്തമാക്കിയിരിക്കുന്നത്.പാകിസ്താന്റെ അര്‍ഷാദ് നദീമിനാണ് വെള്ളി. ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാദ്ലെ വെങ്കലം കരസ്ഥമാക്കി. ഫൗളോടെയായിരുന്നു നീരജിന്റെ തുടക്കം. എന്നാല്‍ രണ്ടാം ശ്രമത്തില്‍ 88.17 മീറ്റര്‍ ദൂരമെറിഞ്ഞ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. 87.82 മീറ്ററാണ് രണ്ടാം സ്ഥാനത്തെത്തിയ അര്‍ഷാദ് നദീമെറിഞ്ഞ മികച്ച ദൂരം. സീസണിലെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ദൂരംകൂടിയാണിത്. വെങ്കലം നേടിയ ജാക്കുബ് വാദ്ലെ 86.67 മീറ്റര്‍ ദൂരമാണ് എറിഞ്ഞത്. കഴിഞ്ഞവര്‍ഷം യൂജിനിന്‍ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്ര രണ്ടാമനായിരുന്നു. 88.13 മീറ്റര്‍ ദൂരമാണ് അന്ന് അദ്ദേഹം ത്രോചെയ്തത്. ടോക്യോ ഒളിമ്പിക്‌സില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞാണ് സ്വര്‍ണം കരസ്ഥമാക്കിയത്. നീരജിനൊപ്പം ഫൈനലിലെത്തിയ മറ്റു ഇന്ത്യന്‍ താരങ്ങളായ കിഷോര്‍ ജെനയ്ക്കും ഡി.പി. മനുവിനും മികച്ച പ്രകടനം പുറത്തെടുക്കാനായി. അഞ്ചാം സ്ഥാനത്തെത്തിയ കിഷോര്‍ ജെന (84.77 മീറ്റര്‍) കരിയറിലെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഡി.പി. മനു (84.12 മീറ്റര്‍) ആറാം സ്ഥാനത്താണ് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!