ആടിനെയും പ്രാവുകളെയും മോഷ്ടിച്ചുവെന്ന് സംശയം, നാല് ദളിത് യുവാക്കളെ മരത്തില്‍ തലക്കീഴായി തൂക്കി വടികൊണ്ട് ആക്രമിച്ചു

മുംബയ്: ദളിതര്‍ക്കെതിരെ വീണ്ടും ക്രൂരമായ ആക്രമണം.ആടിനെയും പ്രാവുകളെയും മോഷ്ടിച്ചുവെന്ന സംശയത്തില്‍ നാല് ദളിത് യുവാക്കളെ മരത്തില്‍ തലക്കീഴായി തൂക്കി വടികൊണ്ട് അടിച്ചതായി പരാതി. അഹമ്മദ്നഗര്‍ ജില്ലയിലെ ഹരേഗാവ് ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പൊലീസ് കേസ് എടുത്തത്.ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.മറ്റ് അഞ്ച് പേര് ഒളിവിലാണ്.പ്രതികളിലൊരാള്‍ തന്നെയാണ് ആക്രമണത്തിന്റെ വീഡിയോ ചിത്രീകരിച്ചത് എന്നാണ് പൊലീസ് നിഗമനം. ഇരുപത് വയസുളള ദളിത് യുവാക്കളെ പ്രതികള്‍ ഈ മാസം 25 ന് വീടുകളില്‍ നിന്നും തട്ടിക്കൊണ്ട് പോയിരുന്നു.പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.മര്‍ദ്ദനമേറ്റ യുവാക്കളില്‍ ഒരാള്‍ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 307. 364 തുടങ്ങിയവ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

