ഗവർണറുടെ പ്രീതി: തത്കാലം തുടർനടപടിയില്ല , കേസുകൾ ഗതി നിർണയിക്കും

മന്ത്രി കെ.എൻ. ബാലഗോപാലിൽ പ്രീതിയില്ലെന്നും അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കണമെന്നുമുള്ള ഗവർണറുടെ ആവശ്യം മുഖ്യമന്ത്രി നിരസിച്ചതോടെ തത്കാലം ഇക്കാര്യത്തിൽ തുടർനടപടിയുണ്ടാകില്ല. എന്നാൽ, ഇതുസംബന്ധിച്ച് ഉണ്ടാകാവുന്ന കേസുകളാണ് തുടർനടപടി നിർവചിക്കുക.
ഒരു മന്ത്രിയിൽ തനിക്ക് പ്രീതിയില്ലെന്ന് ഗവർണർ വ്യക്തമാക്കുകയും മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രിസഭയിൽ നിലനിർത്തുകയും ചെയ്യുന്നത് കോടതിയിൽ ചോദ്യംചെയ്യപ്പെടാം. പൊതുതാത്പര്യ ഹർജിവഴിയാകും ഇക്കാര്യം കോടതിയിലെത്തുക.
ഒരാൾ മന്ത്രിയായി തുടരുന്നതിന് ഗവർണറുടെ പ്രീതി അനിവാര്യമാണോ, അഥവാ ഗവർണറുടെ പ്രീതി നഷ്ടമായാൽ മന്ത്രിസ്ഥാനത്തുനിന്ന് ഒരാൾ ഒഴിവാക്കപ്പെടുമോ തുടങ്ങിയ കാര്യങ്ങൾ ഭരണഘടനാവകുപ്പുകളും തത്ത്വങ്ങളും മുൻകാലവിധികളും പരിശോധിച്ചായിരിക്കും കോടതി തീരുമാനിക്കുക. വളരെ വലിയ നിയമപോരാട്ടമായിരിക്കും ഇക്കാര്യത്തിലുണ്ടാകുക.
നിയമപരമായ പോരാട്ടത്തിനൊപ്പം രാഷ്ട്രീയമായ എതിർപ്പുയർത്തി ഗവർണർ ആർ.എസ്.എസ്. നയങ്ങൾ നടപ്പാക്കുന്നെന്ന് സമർഥിക്കാനാണ് ഭരണപക്ഷത്തിന്റെ ശ്രമം. രാജ്യത്താദ്യമായാണ് ഒരു മന്ത്രിയിൽ തനിക്ക് പ്രീതി നഷ്ടമായെന്ന് ഗവർണർ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ദേശീയതലത്തിൽ ശ്രദ്ധയാകർഷിക്കുന്ന ഒരു നിയമപോരാട്ടമായി ഇതു മാറാം.

