പാലും പൊള്ളും; വില കൂട്ടുമെന്ന് മില്‍മ, അടുത്ത മാസം മുതല്‍ പുതിയ വില

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ധിക്കും. പാല്‍വില കൂട്ടുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വര്‍ദ്ധന അടുത്ത മാസം അവസാനത്തോടെ ഉണ്ടാകും ലിറ്ററിന് 4 മുതല്‍ 5 രൂപ വരെ വര്‍ദ്ധിച്ചേക്കുമെന്നാണ് സൂചന. മില്‍മ പാല്‍ ലിറ്ററിന് അഞ്ചു രൂപയിലേറെ കൂട്ടേണ്ടി വരുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വില വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ക്ഷീരകര്‍ഷകരും വിദഗ്ധരുമടങ്ങുന്ന സമിതിയുടെ റിപ്പോര്‍ട്ടിനു ശേഷമാകും തീരുമാനം.
2019 ലാണ് മില്‍മ പാലിന്റെ വില ഇതിനു മുന്‍പ് വര്‍ധിപ്പിച്ചത്. അന്ന് ലിറ്ററിന് നാലു രൂപ കൂട്ടിയപ്പോള്‍ മൂന്നു രൂപ 35 പൈസ ക്ഷീര കര്‍ഷകര്‍ക്കാണ് നല്‍കിയത്. വീണ്ടും വില കൂട്ടാതെ മുന്നോട്ടു പോകാനാകില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. മില്‍മയും സര്‍ക്കാരിനോട് വില വര്‍ധനയ്ക്ക് അനുമതി തേടിയിരുന്നു.
മഞ്ഞനിറമുള്ള കവറിനും, ഇളം നീലനിറമുള്ള കവറിനും 44 രൂപയാണ് നിലവിലെ വില. കടും നീല കവറിന് ലിറ്ററിന് 46 രൂപയാണ്. നിലവില്‍ കാവി, പച്ച നിറമുള്ള കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന്റെ വില 48 രൂപയാണ്. കാലിത്തീറ്റ വില വര്‍ധന ഉള്‍പ്പെടെ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം നികത്താന്‍ 28 കോടി രൂപ സര്‍ക്കാര്‍ ഇന്‍സെന്റീവ് അനുവദിച്ചിരുന്നു. ജൂലൈയില്‍ ആരംഭിച്ച ഇന്‍സെന്റീവ് ഡിസംബറില്‍ അവസാനിക്കും. അതിനു ശേഷവും പ്രതിസന്ധി തുടരുമെന്ന വിലയിരുത്തലിലാണ് പാല്‍ വില വര്‍ധിപ്പിക്കുന്നത്. കാലിത്തീറ്റയുടെ വിലക്കയറ്റമടക്കം ഉല്‍പ്പാദനച്ചെലവ് താങ്ങാനാവാത്ത സാഹചര്യത്തിലാണെന്നാണ് ക്ഷീരകര്‍ഷകരും പറയുന്നത്. വില വര്‍ധനവ് ആശ്വാസമാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
: മില്‍മയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്, ദമ്ബതികള്‍ക്കെതിരെ പരാതി

