‘ജോലി വാഗ്ദാനം ചെയ്ത് 20ലേറെ യുവതികളെ വസതിയിലെത്തിച്ച് പീഡിപ്പിച്ചു’; ആന്തമാന്‍ മുന്‍ ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും പരാതിപ്രളയം

പോര്‍ട്ട്ബ്ലെയര്‍: കൂട്ടബലാത്സംഗ പരാതിക്കു പിന്നാലെ സസ്പെന്‍ഷനിലുള്ള ആന്തമാന്‍ നിക്കോബാര്‍ മുന്‍ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരൈനെതിരെ വീണ്ടും ഗുരുതര പരാതികള്‍. 21കാരിക്കു പുറമെ വേറെയും 20ലേറെ യുവതികളെ ഔദ്യോഗിക വസതിയിലെത്തിച്ച് പീഡിപ്പിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജോലി നല്‍കാമെന്നു പറഞ്ഞായിരുന്നു പീഡനമെന്ന് ‘ദ ഇന്ത്യന്‍ എക്സ്പ്രസ്’ പുറത്തുവിട്ട എക്സ്ക്ലൂസീവ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നരൈന് ആന്ധമാനില്‍ ജോലിയിലിരുന്ന ഒരു വര്‍ഷത്തിനിടെയാണ് ഇത്രയും പേരെ ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് വിവരം. എല്ലാവരെയും പോര്‍ട്ട് ബ്ലെയറിലെ ഔദ്യോഗിക വസതിയിലെത്തിച്ചാണ് പീഡിപ്പിച്ചത്. പീഡനത്തിനിരയായവരില്‍ ചിലര്‍ക്ക് ജോലി നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ചൂഷണത്തിനുശേഷം ജോലി നല്കാത്തവരും കൂട്ടത്തിലുണ്ട്. എന്നാല്‍, ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് പരാതികള്‍ അന്വേഷിക്കുന്ന ആന്തമാന്‍ പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) പറയുന്നത്. മുഖ്യ സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തുമെന്നും എസ്.ഐ.ടി അറിയിച്ചു.
മദ്യം നല്കി മയക്കാന്‍ ശ്രമം; തുടരെ വസതിയിലെത്തിച്ച് പീഡനം
ദിവസങ്ങള്‍ക്കുമുന്‍പ് കൂട്ടബലാത്സംഗ വിവരം വെളിപ്പെടുത്തി 21കാരി രംഗത്തെത്തിയതോടെയാണ് നരൈനും ലേബര്‍ കമ്മിഷണറായിരുന്ന ആര്.എല്‍ റിഷിയും ചേര്‍ന്ന് നടത്തിയ ഞെട്ടിപ്പിക്കുന്ന സെസ്ക് റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. ജോലി അന്വേഷിക്കുന്നതിനിടെയാണ് യുവതിക്ക് ഒരു ഹോട്ടല്‍ ഉടമ റിഷിയെ പരിചയപ്പെടുത്തുന്നത്. അങ്ങനെയാണ് ലേബര്‍ കമ്മിഷണര്‍ പെണ്‍കുട്ടിയെ ചീഫ് സെക്രട്ടറിയായിരുന്ന ജിതേന്ദ്ര നരൈന്റെ വസതിയിലെത്തിക്കുന്നത്.
ഔദ്യോഗിക വസതിയില്‍ വച്ച് ചീഫ് സെക്രട്ടറിയും ലേബര്‍ കമ്മിഷണറും പെണ്‍കുട്ടിക്ക് മദ്യം നല്കി. എന്നാല്‍, അവള് സ്വീകരിച്ചില്ല. മദ്യത്തിനു വഴങ്ങാതിരുന്നതോടെയാണ് ജോലി നല്‍കാമെന്ന് ഉറപ്പുനല്‍കിയത്. പിന്നാലെയായിരുന്നു ഇരുവരും ചേര്‍ന്ന് ലൈംഗികമായി ഉപയോഗിച്ചത്. ക്രൂരമായി ബലാത്സംഗം ചെയ്യുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തെന്ന് പെണ്‍കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, രണ്ടാഴ്ച പിന്നിട്ടിട്ടും ജോലി ലഭിച്ചില്ല. പകരം വീണ്ടും ഔദ്യോഗിക വസതിയിലേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി. ഇവിടെ വച്ച് വീണ്ടും ക്രൂരമായി പീഡിപ്പിച്ച്. വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെണ്‍കുട്ടി പറയുന്നു.
സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഈ മാസം 17ന് കേന്ദ്ര സര്‍ക്കാര്‍ രണ്ട് ഉദ്യോഗസ്ഥരെയും സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍, സംഭവം നടന്നെന്നു പറയപ്പെടുന്ന ദിവസം താന്‍ ഡല്‍ഹിയില്‍ ഔദ്യോഗിക സന്ദര്ശനത്തിലായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എഴുതിയ കത്തില്‍ ജിതേന്ദ്ര നരൈന് വാദിച്ചു. എന്നാല്‍, നരൈന്റെയും റിഷിയുടെയും കോള്‍ റെക്കോര്‍ഡ് വിവരങ്ങളും ഫോണ്‍ ടവര്‍ ലൊക്കേഷനുകളുമെല്ലാം സംഭവദിവസം ഇവര്‍ സ്ഥലത്തു തന്നെയുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
Summary: Over 20 women allegedly exploited by Jitendra Narain, ex-chief secretary, Andaman & Nicobar Islands, and Labour Commissioner RL Rishi

