വിവാഹസദ്യയില്‍ രസഗുള തീര്‍ന്നു; കൂട്ടത്തല്ല്: കത്തിക്കുത്ത് യുവാവിന് ദാരുണാന്ത്യം

ആഗ്ര: വിവാഹസദ്യയ്ക്കിടെ രസഗുള തീര്‍ന്നതിനു പിന്നാലെയുണ്ടായ കൂട്ടത്തല്ലിലും കത്തിക്കുത്തിലും ഒരു മരണം. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. കുത്തേറ്റ് 20കാരന് കൊല്ലപ്പെട്ടു.
ആഗ്ര ജില്ലയിലെ ഇത്തിമാദ്പൂരിലുള്ള മൊഹല്ല ശൈഖാന്‍ സ്വദേശിയായ ഉസ്മാന് അഹ്മദിന്റെ മക്കളുടെ വിവാഹത്തിനിടെയാണ് ദാരുണമായ സംഭവം. ഉസ്മാന് അഹ്മദിന്റെ രണ്ടു പെണ്‍കുട്ടികളുടെ വിവാഹമായിരുന്നു. ബുധനാഴ്ച രാത്രി ഇത്തിമാദ്പൂരിലെ കല്യാണമണ്ഡപത്തില്‍ വച്ചായിരുന്നു വിവാഹാഘോഷവും സദ്യയും നടന്നത്.
ഇതിനിടെ വരന്മാരുടെ വീട്ടുകാര്‍ എത്തിയപ്പോഴാണ് സദ്യയ്ക്കുശേഷമുള്ള രസഗുള അടക്കമുള്ള മധുര വിഭവങ്ങള്‍ തീര്‍ന്നത്. ഇതോടെ വധൂവരന്മാരുടെ ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കമായി. തര്‍ക്കം വാക്കേറ്റത്തിലും ഒടുവില്‍ കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നു.
കല്യാണ പന്തലിലെ പാത്രവും കസേരയുമെടുത്തായിരുന്നു തല്ല് നടന്നത്. ഊട്ടുപുരയിലുണ്ടായിരുന്ന സ്പൂണുകളും മൂര്‍ച്ചയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചും പരസ്പരം ഏറ്റുമുട്ടി. ഇതിനിടയിലാണ് ഒരാള്‍ കത്തിയുമായെത്തിയത്. ആള്‍ക്കൂട്ടത്തിനുനേര്‍ക്ക് ഒരാള്‍ കത്തിവീശി. സംഭവത്തില്‍ 20കാരനായ സന്നിക്ക് മാരകമായി പരിക്കേറ്റു. ഉടന്‍ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമിയുടെ കുത്തേറ്റ് അഞ്ചോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ കൊലപാതകത്തിന് കേസെടുത്തതായി ഇത്തിമാദ്പൂര് എസ്.എച്ച്.ഒ സര്‍വേഷ് കുമാര്‍ അറിയിച്ചു. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.
Summary: Short of Rasgulla at wedding reception, guests stab each other, one dead in Agra

