കരമാര്‍ഗം ഗസ്സയിലേക്ക് കടക്കാനുള്ള ഇസ്രായേല്‍ സൈനികനീക്കം പരാജയപ്പെടുത്തിയെന്ന് ഹമാസ്

ജറുസലേം: അന്താരാഷ്ട്ര സമ്മര്‍ദം തള്ളി ഗസ്സക്കു നേരെയുള്ള ആക്രമണം ഇസ്രായേല്‍ കൂടുതല്‍ കടുപ്പിച്ചതോടെ സിവിലിയൻ കൂട്ടക്കുരുതി വ്യാപകം. അല്‍ ശിഫ ഉള്‍പ്പെടെ വിവിധ ആശുപത്രി പരിസരങ്ങളില്‍ നടന്ന ബോംബാക്രമണങ്ങളില്‍ നൂറുകണക്കിനാളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. കരമാര്‍ഗം ഗസ്സയിലേക്ക് കടക്കാനുള്ള ഇസ്രായേല്‍ സൈനികനീക്കം പരാജയപ്പെടുത്തിയെന്ന് ഹമാസ് അറിയിച്ചു. സൈനികനടപടി വ്യാപിപ്പിച്ചതോടെ ഖത്തര്‍ മധ്യസ്ഥതയില്‍ വെടിനിര്‍ത്തലിനുള്ള നീക്കവും വഴിമുട്ടി.
ഗസ്സയില്‍ ഇന്നലെ വൈകീട്ട് മുതല്‍ എല്ലാ കമ്യൂണിക്കേഷൻസ് സംവിധാനങ്ങളും തകര്‍ത്ത ഇസ്രായേല്‍ ഇടതടവില്ലാതെ മാരക ബോംബിങ് തുടരുകയാണ്. പുതുതായി കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങള്‍ തിട്ടപ്പെടുത്താൻ പോലും കഴിയുന്നില്ലെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ നിരവധിയാളുകള്‍ കുടുങ്ങി കിടക്കുന്നുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റാൻ പോലും സധിക്കുന്നില്ലെന്ന് യു.എൻ ഏജൻസികളും റെഡ്ക്രോസ്, റെഡ്ക്രസൻറ് അധികൃതരും പരിതപിച്ചു. മിക്ക ആശുപത്രികളും പ്രവര്‍ത്തനം നിലച്ച സ്ഥിതിയില്‍ ഗസ്സയിലെ മാനുഷികദുരന്തം ഭീതിദമാണെന്ന് ലോകാരോഗ്യ സംഘടന.
ഗസ്സയില്‍ മാധ്യമപ്രവര്‍ത്തകരുടെ ജീവൻ സംരക്ഷിക്കാനാവില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജൻസികളെ ഇസ്രായേല്‍ സൈന്യം അറിയിച്ചു. വടക്കൻ ഗസ്സയില്‍ നിന്ന് എല്ലാവരും മാറണമെന്നും ഇസ്രായേല്‍ സൈന്യം. ഗസ്സയിലെ കമ്യൂണ്ണിക്കേഷൻസ് സംവിധാനം വിഛേദിച്ചത് വിജയകരമായ സൈനിക തന്ത്രത്തിന്റെ ഭാഗമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഉപദേശകൻ. കരയുദ്ധത്തിന്റെ മുന്നൊരുക്കം മാത്രമാണ് ആരംഭിച്ചിരിക്കുന്നതെന്ന് ഇസ്രായേല്‍ ഗസ്സക്കു നേരെ കടന്നുകയറാനുള്ള നീക്കം ചെറുത്തതായും നിരവധി ഇസ്രായേല്‍ സൈനികര്‍ക്ക് ജീവാപായം സംഭവിച്ചതായും ഹമാസ്.
കരയുദ്ധം ഹമാസ് പിടിയിലുള്ള ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേലില്‍ അവരുടെ ബന്ധുക്കള്‍ രംഗത്തുവന്നു. ഗസ്സയില്‍ നിന്ന് നൂറുകണക്കിന് റോക്കറ്റുകള്‍ തെല്‍ അവീവ് ഉള്‍പ്പെടെ ഇസ്രായേല്‍ നഗരങ്ങളിലേക്ക് ഹമാസ് അയച്ചു. ചില റോക്കറ്റുകള്‍ കെട്ടിടങ്ങളില്‍ പതിച്ച് നാശനഷ്ടങ്ങളുണ്ടായെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു. വടക്കൻ അതിര്‍ത്തിയിലെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തിയെന്ന് സൈന്യം. അമേരിക്കയുടെ രണ്ടാം പടക്കപ്പല്‍ കൂടി മേഖലയില്‍ എത്തിയതോടെ ഏതു സാഹചര്യം നേരിടാനും സൈന്യം സജ്ജമാണെന്ന് ഇറാൻ മുന്നറിയിപ്പ് നല്കി.

