ഹ്രസ്വമെങ്കിലും ഹൃദ്യം പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനം

അബുദാബി ∙ ഒന്നരമണിക്കൂർ മാത്രം നീണ്ട സന്ദർശനത്തിനായി യുഎഇയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ജർമനിയിൽ ജി 7 ഉച്ചകോടിയിൽ പങ്കെടുത്തുമടങ്ങും വഴിയുള്ള സന്ദർശനം ഇന്ത്യ–യുഎഇ ബന്ധത്തിന്റെ ഊഷ്മളതയുടെ നേർക്കാഴ്ചയായി. ‘വിമാനത്താവളത്തിൽ എന്റെ സഹോദരൻ നേരിട്ട് എത്തിയതു ഹൃദയത്തെ സ്പർശിച്ചു, നന്ദി’ എന്ന് മോദി ട്വീറ്റ് ചെയ്തു.
മുൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തിൽ നേരിട്ട് അനുശോചനമറിയിക്കാനാണു പ്രധാനമന്ത്രി എത്തിയത്. മേയ് 13ന് അദ്ദേഹം അന്തരിച്ചപ്പോൾ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു യുഎഇ സന്ദർശിച്ചിരുന്നു. എങ്കിലും, തൊട്ടടുത്ത സാധ്യമായ സമയത്ത് മോദി നേരിട്ട് എത്തുകയായിരുന്നു. ഷെയ്ഖ് ഖലീഫയുടെ കീഴിൽ ഇന്ത്യ–യുഎഇ ബന്ധം ഏറെ വളർന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പുതുതായി ചുമതലയേറ്റ ഷെയ്ഖ് മുഹമ്മദിനെ പ്രധാനമന്ത്രി അനുമോദിച്ചു. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.

