പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചു; വെല്ലൂര്‍ സി.എം.സിക്ക് 15 ലക്ഷം രൂപ പിഴ

നെല്ലോര്‍: പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞി മറന്നുവച്ച് തുന്നിക്കെട്ടിയ സംഭവത്തില്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിന്(സി.എം.സി) 15 ലക്ഷം രൂപ പിഴ. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ജിങ്ക റെഡ്ഡി ശേഖറാണ് ബുധനാഴ്ച ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
2015ലാണ് സംഭവം. നെല്ലൂര്‍ ജില്ലയിലെ ആനമസമുദ്രംപേട്ടയില്‍ നിന്നുള്ള എസ്.കെ രഷീലഭാനു എന്ന യുവതിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. നവംബര്‍ 27നാണ് സി.എം.സിയില്‍ വച്ച് ഭാനുവിന്റെ പ്രസവ ശസ്ത്രക്രിയ നടന്നത്. ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം കഠിനമായ വയറുവേദന അനുഭവപ്പെടുകയും ചെയ്തു. ഹൈദരാബാദിലും വിജയവാഡയിലും ചികിത്സ തേടിയിട്ടും ഫലം കാണാത്തതിനാല്‍ 2017 ജൂണില്‍ നെല്ലൂരിലെ സ്വകാര്യ ആശുപത്രിയെ സമീപിച്ചു. തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് വയറിനുള്ളില്‍ പഞ്ഞി കണ്ടെത്തുകയും നീക്കം ചെയ്യുകയും ചെയ്തത്.
20 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2017 നവംബറില്‍ യുവതി ഉപഭോക്തൃ തര്‍ക്ക സമിതിയെ സമീപിച്ചു. ആശുപത്രി മാനേജ്മെന്റ് കുറ്റം നിഷേധിച്ചപ്പോള്‍, കമ്മീഷന് വിഷയം അന്വേഷിക്കാന്‍ കോടതി കമ്മീഷണറെ നിയോഗിച്ചു. തെളിവെടുപ്പിനായി സ്വകാര്യ ആശുപത്രിയെ സമീപിച്ചപ്പോള്‍ യുവതിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്ത പഞ്ഞി അധികൃതര്‍ കമ്മീഷണര്‍ക്ക് കൈമാറി. സിഎംസിയുടെ സ്റ്റോര്‍ രേഖകളില്‍ കൃത്രിമം നടന്നതായും കമ്മിഷണര്‍ കണ്ടെത്തി. ആറ് കോട്ടണ്‍ പാഡുകള്‍ ഉപയോഗിച്ചതായി രേഖകളില്‍ പരാമര്‍ശിച്ചപ്പോള്‍ ശസ്ത്രക്രിയയ്ക്ക് ശേഷം അഞ്ചെണ്ണം മാത്രമാണ് കണ്ടെത്തിയത്. ഇതു തിരുത്തിയെഴുതാനും ജീവനക്കാര്‍ ശ്രമിച്ചു. 45 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ഇല്ലെങ്കില്‍ 9 ശതമാനം പലിശ ഈടാക്കുമെന്നും കമ്മീഷന് ഉത്തരവിട്ടു.

