തെരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തിലേക്ക് ; പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ ; പ്രിയങ്ക ഗാന്ധിയും ഇന്നെത്തും

പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി പാലക്കാടാണ് എത്തുന്നത്. രാവിലെ 10.40 ന് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ മൈതാനത്ത് അദ്ദേഹം ഹെലികോപ്റ്ററില്‍ വന്നിറങ്ങും. ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയുടെ കേരളത്തിലെ ആദ്യ പ്രചാരണ യോഗം കൂടിയാണിത്.
പ്രധാനമന്ത്രിയെ ബിജെപിയുടെ സംസ്ഥാന – ജില്ലാ നേതാക്കള്‍ സ്വീകരിക്കും. കോട്ടമൈതാനത്താണ് സമ്മേളന വേദി. മെട്രോമാന് ഇ ശ്രീധരന് ഉള്‍പ്പെടെ ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പങ്കെടുക്കും.ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും, മലമ്ബുഴയിലെ സ്ഥാനാര്‍ത്ഥിയുമായ സി കൃഷ്ണകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി മുരളീധരന്, കര്‍ണാടക ചീഫ് വിപ്പ് സുനില്‍കുമാര്‍ എന്നിവരുമുണ്ട്.
അരലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് രാവിലെ മുതല്‍ ഉച്ചവരെ വരെ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇന്ന് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ പര്യടനം നടത്തും. രാവിലെ പത്തേമുക്കാലിന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തുന്ന പ്രിയങ്ക കായംകുളത്തേക്ക് പോകും. തുടര്‍ന്ന് കരുനാഗപ്പള്ളി, കൊല്ലം, കൊട്ടാരക്കര മണ്ഡലങ്ങളില്‍ വോട്ടു ചോദിച്ചെത്തും. നാലേകാലിന് വെഞ്ഞാറമൂട്ടിലും നാലരയ്ക്ക് കാട്ടാക്കടയിലും പ്രസംഗിക്കും. അഞ്ചരയ്ക്ക് പൂജപ്പുരയില്‍ നിന്ന് റോഡ് ഷോയില്‍ പങ്കെടുക്കും. വലിയതുറയിലാണ് സമാപന സമ്മേളനം. നാളെ തൃശൂര്‍ ജില്ലയിലാണ് പര്യടനം.

