KSDLIVENEWS

Real news for everyone

മഞ്ചേശ്വരം പ്രതീക്ഷിച്ച് സുരേന്ദ്രന്‍, ഉദുമയില്‍ അട്ടിമറിയോ?- കാസര്‍കോടിന്റെ മത്സരചിത്രം ഇങ്ങനെ

SHARE THIS ON

ഒരു പാർട്ടിയുടേയും കുത്തകയല്ല. എന്നാൽ മൂന്നു പാർട്ടിക്കും ശക്തമായ സാന്നിധ്യം. എൽഡിഎഫും യുഡിഎഫും 3-2 എന്ന സ്കോർ പാലിക്കുന്ന ജില്ലയാണ് കാസർകോട്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ഇതാണ് കാസർകോടിന്റെ സ്ഥിതി. ബിജെപി എക്കാലവും മോഹിക്കുന്ന മഞ്ചേശ്വരം. ഇടതിന്റെ ഇളകാത്ത കോട്ടയായ കാഞ്ഞങ്ങാടും തൃക്കരിപ്പൂരും ഉദുമയും ഉള്ള ജില്ല. കണ്ണൂരിനോട് അടുത്തെത്തുമ്പോൾ കരുത്തുള്ള സിപിഎം അങ്ങ് വടക്ക് ദുർബലമാണ്. രണ്ടാമതെങ്കിലും എത്താൻ സിപിഎം പാടുപെടുന്ന മണ്ഡലങ്ങളാണ് കാസർകോടും മഞ്ചേശ്വരവും. രണ്ടും ലീഗിന്റെ സീറ്റുകൾ. അവർക്ക് പ്രധാന വെല്ലുവിളി ബിജെപി. 3-2 സ്കോർ നിലയിൽ മാറ്റമുണ്ടായാൽ അല്ലെങ്കിൽ 2-2-1 ആകാം. കോൺഗ്രസും യുഡിഎഫും മോഹിക്കുന്നത് 2-3 എന്ന സ്കോർ നിലയാണ്. കൈയിലുള്ള മഞ്ചേശ്വരവും കാസർകോടും ഒപ്പം ഉദുമ എന്ന അട്ടിമറി മോഹത്തിലാണ് യുഡിഎഫ്.

ഇത് ഇതുവരെയുള്ള ചരിത്രം. എന്നാൽ, ഈ തിരഞ്ഞെടുപ്പിൽ പല ചരിത്രങ്ങളും തിരുത്തി കുറിക്കുമെന്നും പല കോട്ടകളും തകരുമെന്നുമാണ് മൂന്ന് രാഷ്ട്രീയ കക്ഷികളും അവകാശപ്പെടുന്നത്. വർഷങ്ങളായി യു.ഡി.എഫിനൊപ്പമുള്ള മഞ്ചേശ്വരത്ത് ഇത്തവണ താമര വിരിയുമെന്ന് ബിജെപിയും ഇടതിന്റെ ചെങ്കോട്ടയായ ഉദുമയിൽ മൂവർണ കോടി ഉയരുമെന്ന് കോൺഗ്രസും പറയുന്നു. എന്നാൽ, കാഞ്ഞങ്ങാട്. കാസർകോട്, തൃക്കരിപ്പൂർ എന്നീ മൂന്ന് മണ്ഡലങ്ങളെയും ചൊല്ലിയുള്ള അവകാശവാദങ്ങൾ വേണ്ടത്ര ശബ്ദത്തിൽ ഉയരുന്നില്ലെന്നതാണ് കൗതുകം. ഇനി ഓരോ മണ്ഡലങ്ങളിലേക്കും പോകാം.

മഞ്ചേശ്വരം

കാസർകോട് ജില്ലയിൽ ഈ തിരഞ്ഞെടുപ്പിൽ താരപദവിയുള്ള മണ്ഡലം മഞ്ചേശ്വരമാണ്. ഒരു ഉപതിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗ് സ്ഥാനാർഥിയെ വിജയിപ്പിച്ച മണ്ഡലം എന്ന നിലയിൽ ഇത്തവണയും ഈ മണ്ഡലം സംരക്ഷിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. ഇതിനായാണ് മഞ്ചേശ്വരം സ്വദേശിയായ എ.കെ.എം. അഷറഫ് എന്ന യുവ പോരാളിയെയാണ് ലീഗ് മത്സരത്തിന് ഇറക്കിയിട്ടുള്ളത്. കോൺഗ്രസ്-ലീഗ് വോട്ടുകൾ പെട്ടിയിലാക്കുകയും പ്രദേശവാസി എന്ന നിലയിൽ ഭാഷാന്യൂനപക്ഷ വോട്ടുകളുമാണ് യു.ഡി.എഫ് ലക്ഷ്യം.

2006-ൽ നേടിയ വിജയം പിന്നീട് ആവർത്തിക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞിട്ടില്ല. 2011, 2016, 2019 ഉപതിരഞ്ഞെടുപ്പ് മൂന്നിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. എന്നാൽ, ഇത്തവണ സ്ഥാനാർഥിയെ മാറ്റി ശക്തമായ മത്സരത്തിനായാണ് എൽ.ഡി.എഫ്. ഒരുങ്ങുന്നത്. കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷനായിരുന്ന വി.വി. രമേശനെയാണ് ഇത്തവണ കളത്തിലിറിക്കയത്. പരമ്പരാഗത വോട്ടുകൾക്ക് പുറമെ, പുതിയ വോട്ടർമാരെ ആകർഷിക്കാനും രമേശന്റെ സ്ഥാനാർഥിത്വത്തിലൂടെ കഴിയുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ.

എന്നാൽ, ബി.ജെ.പിയെ സംബന്ധിച്ച് ഈ മണ്ഡലം പിടിക്കുക ഇത്തവണ അഭിമാന പോരാട്ടമാണ്. ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഇവിടെ എൻ.ഡി.എ. സ്ഥാനാർഥി. 2016ലും 2011ലും മഞ്ചേശ്വരമായിരുന്നു സുരേന്ദ്രന്റെ അങ്കത്തട്ട്. 2011-ൽ 5828 വോട്ടുകൾക്ക് പരാജയപ്പെട്ടെങ്കിലും 2016-ൽ പരാജയം വെറും 89 വോട്ടുകൾക്ക് മാത്രമായിരുന്നു.

കാസർകോട്

സി.ടി. അഹമ്മദാലി, എൻ.എ. നെല്ലിക്കുന്ന് എന്നിവരിലൂടെ പത്ത് തിരഞ്ഞെടുപ്പായി ലീഗിനൊപ്പം നിൽക്കുന്ന മണ്ഡലമാണ് കാസർകോട്. അതുകൊണ്ട് തന്നെ കാസർകോട് മണ്ഡലത്തിൽ മൂന്നാം അങ്കത്തിനിറങ്ങുന്ന എൻ.എ. നെല്ലിക്കുന്ന് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 2011-ൽ 53068 വോട്ടുകൾ നേടിയാണ് നെല്ലിക്കുന്ന് കന്നി അങ്കത്തിൽ ജയിച്ചത് എന്നാൽ, 2016-ൽ ഇത് 64,727 വോട്ടായി അത് ഉയർത്തി. അതുകൊണ്ടുതന്നെ ഈസി വാക്ക് ഓവർ പ്രതീക്ഷിച്ചാണ് നെല്ലിക്കുന്ന് കാസർകോട് മത്സരത്തിനിറങ്ങിയിരിക്കുന്നത്.

മഞ്ചേശ്വരത്ത് ബി.ജെ.പിക്കുള്ള സാധ്യതയോളം തന്നെ കാസർകോടുമുണ്ടെന്ന് പറയാം. ജില്ലാ പ്രസിഡന്റായ കെ.ശ്രീകാന്താണ് ഇത്തവണ ബിജെപിക്കായി കാസർകോട് പിടിക്കാൻ രംഗത്തുള്ളത്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ട് വർധിപ്പിക്കാൻ ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്. ഇതിനൊപ്പം യു.ഡി.എഫ്. സ്ഥാനാർഥിയുടെ ഭൂരിപക്ഷം കുറയ്ക്കാനുമായി. ഇത്തവണ ബി.ജെ.പി വോട്ടുകൾക്ക് പുറമെ, ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിലൂടെ സീറ്റ് പിടിച്ചെടുക്കാനാണ് കാസർകോട് ബി.ജെ.പി. ശ്രമിക്കുന്നത്.

എൽ.ഡി.എഫിൽ ഘടകകക്ഷിയായ ഐ.എൻ.എല്ലിനാണ് കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിലും ഇവിടെ മത്സരിച്ചത്. വർഷങ്ങളായി ഒന്നും രണ്ടും സ്ഥാനം യു.ഡി.എഫും ബി.ജെ.പിയും പങ്കിടുമ്പോൾ എൽ.ഡി.എഫിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിട്ടുണ്ട്. എന്നാൽ, സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്ന പ്രതീക്ഷയിൽ ഐ.എൻ.എല്ലിന്റെ എം.എ. ലത്തീഫിനെയാണ് ഇടതുപക്ഷം മത്സരരംഗത്ത് ഇറക്കിയിട്ടുള്ളത്. കാസർകോട് മണ്ഡലത്തിലെ മതേതര വോട്ടർമാരെ കൂടെ നിർത്താനാണ് എൽ.ഡി.എഫ്. ശ്രമം.

ഉദുമ

കാസർകോട് ജില്ലയിൽ തന്നെ ഏറ്റവും കടുത്ത മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം ഉദുമയാണ്. 1991-ന് ശേഷം ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ മണ്ഡലമാണ് ഉദുമ. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലും സിപിഎം വ്യക്തമായ ഭൂരിപക്ഷം നേടി വിജയിച്ച മണ്ഡലം. 2016-ൽ കണ്ണൂരിൽ നിന്ന് കെ.സുധാകരൻ വന്നപ്പോൾ ഭൂരിപക്ഷം 3832 ആയി ചുരുങ്ങി. പെരിയ ഇരട്ടകൊലപാതകം സജീവ ചർച്ചയാകുന്ന മണ്ഡലം. ഇടതുപക്ഷത്തിന്റെ സുരക്ഷിത കോട്ടയെന്ന ഖ്യാതി ഉദുമയെ കൈവിട്ടിട്ടുണ്ടെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. ഉണ്ണിത്താന് 8937 വോട്ട് ഭൂരിപക്ഷം കിട്ടിയതോടെ യുഡിഎഫ് പ്രതീക്ഷയ്ക്ക് പുതു ജിവൻവച്ചു. ജില്ലയിലെ പൊതുസമ്മതനായ സി.എച്ച്. കുഞ്ഞമ്പുവിനെ കളത്തിലിറക്കി മണ്ഡലം നിലനിർത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.

ജില്ലയിൽ ലഭിക്കുന്ന മൂന്നാമത്തെ മണ്ഡലമായിരിക്കും ഉദുമയെന്നാണ് യു.ഡി.എഫ് ക്യാമ്പ് പറയുന്നത്. പ്രദേശിക തിരഞ്ഞെടുപ്പിൽ പെരിയ പഞ്ചായത്ത് പിടിക്കാനും കഴിഞ്ഞതോടെ കോൺഗ്രസിന്റെ ആത്മവിശ്വാസം കൂടി. കാസർകോട് ഡി.സി.സി. സെക്രട്ടറിയായ ബാലകൃഷ്ണൻ പെരിയയാണ് യു.ഡി.എഫ്. സ്ഥാനാർഥി.

ത്രീകോണ മത്സരത്തിന് സാധ്യതയൊരുക്കുന്ന സ്ഥാനാർഥിയെയാണ് ബി.ജെ.പിയും കളത്തിൽ ഇറക്കിയിരിക്കുന്നത്. മടിക്കൈ ഗ്രാമപഞ്ചായത്ത് അംഗം എം.വേലായുധനാണ് ബി.ജെ.പിക്കായി ഉദുമയിലെ ഗോദയിലുള്ളത്. കോൺഗ്രസ് പെരിയ ഉറ്റുനോക്കുന്നത് പോലെ തൃക്കണ്ണാട് പോലെയുള്ള സ്ഥാലങ്ങളിൽ ബി.ജെ.പിക്ക് ശക്തമായ സാന്നിധ്യമുണ്ട്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 13 ശതമാനമായിരുന്നു ബി.ജെ.പിയുടെ വോട്ട്. ഇത് ഉയർത്താനാണ് ആർ.എസ്.എസ്. നേതാവ് കൂടിയായ വേലായുധൻ ലക്ഷ്യമിടുന്നത്.

കാഞ്ഞങ്ങാട്

1991 മുതൽ ഉറച്ച ഇടതുകോട്ടയാണ് കാഞ്ഞങ്ങാട് മണ്ഡലം. അനായാസ വിജയമാണ് എൽ.ഡി.എഫ്. പ്രതീക്ഷിക്കുന്നത്. സി.പി.ഐയുടെ സീറ്റിൽ മന്ത്രി ഇ ചന്ദ്രശേഖരനാണ് മൂന്നാം തവണയും മത്സരിക്കുന്നത്. എന്നാൽ പാർട്ടിയിൽ ഉണ്ടായ അസ്വാരസ്യം, പെരിയ ഇരട്ടകൊലപാതകത്തിന്റെ പ്രതിഫലനവും ഇടതുപക്ഷത്തിന് കാഞ്ഞങ്ങാടുള്ള വെല്ലുവിളികളാണ്. പ്രാദേശിക തിരഞ്ഞെടുപ്പിൽ ജില്ലയിൽ ആകമാനമുണ്ടായ ഇടത് തരംഗം ഇത്തവണയും ആവർത്തിക്കുമെന്നാണ് എൽ.ഡി.എഫ്. പ്രതീക്ഷ.

പി.വി. സുരേഷ് എന്ന പുതുമുഖത്തെയാണ് യു.ഡി.എഫ്. ഇക്കുറി കാഞ്ഞങ്ങാട് പരീക്ഷിക്കുന്നത്. കർണാടകയുമായി ബന്ധിപ്പിക്കുന്ന അന്ത:സംസ്ഥാന പാതയുടെ വികസനം മുരടിപ്പിച്ചെന്ന ആയുധമാണ് മലയോര മേഖലയിൽ കോൺഗ്രസ് ഇറക്കിയിട്ടുള്ളത്. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളെ ഒപ്പം നിർത്തി വിജയം നേടുക എന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. പെരിയയിലെ ഇരട്ടകൊലപാതകം ഉദുമയ്ക്ക് പുറമെ, കാഞ്ഞങ്ങാട് മണ്ഡലത്തിലും ആയുധമാക്കിയാണ് കോൺഗ്രസിന്റെ പ്രചാരണം.

കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ കൂടിയായ എം. ബൽരാജിനെ മത്സരത്തിനിറക്കി തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരത്തിന് കളമൊരുക്കുയാണ് ബി.ജെ.പി. പുതിയ വോട്ടർമാരെ കൂടെ നിർത്തി വോട്ടിങ്ങ് ശതമാനം വർധിപ്പിക്കുകയാണ് ബി.ജെ.പിയുടെ ശ്രമം. ഇതിനൊപ്പം മലയോര മേഖലകളിലേത് ഉൾപ്പെടെയുള്ള ഹിന്ദുവോട്ടുകൾ സ്വന്തമാക്കാനും ബി.ജെ.പി ശ്രമിക്കുന്നുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ സജീവ സാന്നിധ്യമായി സ്ഥാനാർഥിയുടെ വ്യക്തി പ്രഭാവവും വോട്ടാക്കി മാറ്റാൻ സാധിക്കുമെന്നാണ് ബി.ജെ.പി. കണക്ക് കൂട്ടൽ.

തൃക്കരിപ്പൂർ

കാസർകോട് ജില്ലയിലെ ഇടതിന്റെ ഉരുക്കുകോട്ടയാണ് തൃക്കരിപ്പൂർ. 1960-ൽ സി.കുഞ്ഞികൃഷ്ണൻ നായർ വിജയിച്ചതിന് ശേഷം മറ്റൊരു കോൺഗ്രസ് പ്രതിനിധിയും തൃക്കരിപ്പൂരിൽ നിന്നും നിയമസഭയിൽ എത്തിയിട്ടില്ല. ഈ ആത്മവിശ്വാസം തന്നെയാണ് ഇടതുപാളയത്തിന്റെ കരുത്ത്. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്റെ പേരാണ് ജില്ലാ ഘടകം നിർദേശിച്ചത്. എന്നാൽ, സംസ്ഥാന ഘടകത്തിന്റെ ഇടപെടലിനെ തുടർന്ന് രാജഗോപാൽ വീണ്ടും മത്സര രംഗത്തേക്ക് എത്തുകയായിരുന്നു.

മാണിയുടെ മകൻ ജോസ് പാലായിൽ ഇടത് സ്ഥാനാർഥിയാകുമ്പോൾ ഇവിടെ മാണിയുടെ മരുമകൻ എം.പി ജോസഫാണ് യു.ഡി.എഫ് സ്ഥാനാർഥി. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് നൽകിയ പത്താമത്തെ സീറ്റാണ് തൃക്കരിപ്പൂർ. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ മണ്ഡലത്തിലെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞതാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.

യുവരക്തമാണ് ബി.ജെ.പിക്കായി മത്സരരംഗത്തുള്ളത്. മുൻ എസ്.എഫ്.ഐ. പ്രവർത്തകനും തൃക്കരിപ്പൂർ സ്വദേശിയുമായ ടി.വി. ഷിബിനാണ് എൻ.ഡി.എ. സ്ഥാനാർഥി. യുവ വോട്ടർമാരെ ആകർഷിക്കുന്നതിനൊപ്പം നിഷ്പക്ഷ വോട്ടർമാരേയും ആകർഷിക്കാൻ ഷിബിന്റെ സ്ഥാനാർഥിത്വത്തിലൂടെ സാധിക്കുമെന്നും എൻ.ഡി.എ. ക്യാമ്പ് വിശ്വസിക്കുന്നുണ്ട്. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ തൃക്കരിപ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണായുധമായി എൻ.ഡി.എ. ഉയർത്തി കാട്ടുന്നുണ്ട്.

മൂന്നുമുന്നണിയും അവകാശവാദങ്ങൾ നിരത്തുമ്പോഴും മഞ്ചേശ്വരത്ത് ബിജെപിയുടെ സാധ്യതയും ഉദുമയിൽ അടിയൊഴുക്കുണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!