ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ മോദി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് തൃണമൂല്‍; പരാതി നല്കി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദർശനത്തിനിടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെയും ജനാധിപത്യ മര്യാദകളുടെയും ലംഘനം നടന്നുവെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പ്രധാനമന്ത്രി മോദി തന്റെ ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി, വിദേശ രാജ്യത്തുനിന്ന് പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഇടപെട്ടുവെന്ന് പരാതിയിൽ ആരോപിക്കുന്നു.https://5fe8f8702da2eccbf0b814f4b6e792b2.safeframe.googlesyndication.com/safeframe/1-0-38/html/container.html?n=0
മാർച്ച് 26, 27 തീയതികളിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദർശനം. ബംഗ്ലാദേശ് സ്വതന്ത്രമായതിന്റെ 50-ാം വാർഷികാഘോഷത്തിലും ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജന്മശതാബ്ദി ആഘോഷത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക സന്ദർശനത്തെ എതിർക്കുന്നില്ല എന്നാണ് തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ മാർച്ച് 27 ന് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളെക്കുറിച്ചാണ് അവരുടെ പരാതി.
പശ്ചിമ ബംഗാളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിലെ വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടായിരുന്നു മാർച്ച് 27-ലെ പരിപാടികളെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. വിദേശ രാജ്യത്തുനിന്ന് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിധത്തിൽ മുമ്പ് ഒരു പ്രധാനമന്ത്രിമാരും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ല. ശന്തനു ഠാക്കൂർ എന്ന ബി.ജെ.പി. എംപിയെ പ്രധാനമന്ത്രി ഒപ്പംകൂട്ടിയതും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് തൃണമൂൽ ആരോപിച്ചു. മറ്റൊരു പാർട്ടികളിലെയും എംപിമാരെ ബംഗ്ലാദേശ് സന്ദർശനത്തിൽ പ്രധാനമന്ത്രിക്ക് ഒപ്പംപോകാൻ ക്ഷണിച്ചിട്ടില്ലെന്നും തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പൂർത്തിയായിരുന്നു. ഇനി ഏഴ് ഘട്ടങ്ങൾകൂടി പൂർത്തിയാകാനുണ്ട്. ഏപ്രിൽ 29നാണ് അവസാനഘട്ട വോട്ടെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.

