KSDLIVENEWS

Real news for everyone

ചൈനീസ് നടപടിയിൽ പ്രധാനമന്ത്രി മിണ്ടണം’: ഭൂപടവിഷയത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി

SHARE THIS ON

ന്യൂഡൽഹി∙ ഇന്ത്യയുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തി ചൈന ഭൂപടം പ്രസിദ്ധീകരിച്ചത് ഗൗരവമേറിയതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കണമെന്നും രാഹുൽ‌ ആവശ്യപ്പെട്ടു. 
‘‘പല വർഷങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ഒരിഞ്ചു ഭൂമി പോലും നഷ്‌ടപ്പെട്ടിട്ടില്ലെന്നാണ് പ്രതികരിക്കുന്നത്. അത് നുണയാണ്. ലഡാക്കിൽ ചൈന കടന്നുകയറുകയാണ്. ഭൂപട വിഷയം വളരെ ഗൗരവമേറിയതാണ്. രാജ്യത്തിന്റെ പ്രദേശം അവർ കയ്യേറുകയാണ്. പ്രധാനമന്ത്രി ഈ വിഷയത്തിൽ പ്രതികരിക്കണം’’– രാഹുൽ ഗാന്ധി പറഞ്ഞു. 

അരുണാചൽ പ്രദേശും അക്‌സായി ചിൻ മേഖലയും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി ചൈന 2023ലെ ഔദ്യോഗിക ഭൂപടം പുറത്തിറക്കുകയായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്താനിരിക്കെയാണ് ഭൂപടം ഇറക്കി ചൈനയുടെ പ്രകോപനം. 

ദക്ഷിണ ടിബറ്റ് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചൽ പ്രദേശ്, 1962ലെ ഇന്ത്യ – ചൈന യുദ്ധത്തിൽ പിടിച്ചെടുത്ത അക്‌സായ് ചിൻ എന്നിവ തങ്ങളുടെ പ്രദേശമാണെന്നു ചൈന അവകാശപ്പെടുന്നുണ്ട്. തിങ്കളാഴ്ച ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിങ് കൗണ്ടിയിൽ നടന്ന സർവേയിങ് ആൻഡ് മാപ്പിങ് പബ്ലിസിറ്റി ഡേയുട‌െയും ദേശീയ മാപ്പിങ് ബോധവൽക്കരണ പബ്ലിസിറ്റി വാരത്തിന്റെയും ആഘോഷവേളയിൽ ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയം ഭൂപടം പുറത്തിറക്കിയതായാണ് റിപ്പോർട്ട്. ദക്ഷിണ ചൈനാ കടലിൽ തയ്‌വാൻ അവകാശമുന്നയിക്കുന്ന മേഖലയും പുതിയ ഭൂപടത്തിൽ ചൈനീസ് പ്രദേശമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!