ഗ്രൂപ്പുകള്‍ക്ക് അമിത പ്രാധാന്യം നല്‍കരുത്: രാഹുല്‍ ഗാന്ധി

പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഗ്രൂപ്പിനു അമിത പ്രാധാന്യം നല്‍കരുതെന്ന് രാഹുല്‍ ഗാന്ധി. ഡിസിസി, ബ്ലോക്ക് പുന:സംഘടനയില്‍ ഗ്രൂപ്പ് മാനദണ്ഡമാവരുത്. സെമികേഡര്‍ സംവിധാനത്തിലേക്കു മാറുന്നതാണ് നല്ലതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം.
കൂടാതെ നേതാക്കളുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ചായിരിക്കണം പുന:സംഘടന നടത്തേണ്ടതെന്നും എന്നാല്‍ നേതാക്കള്‍ ക്വോട്ട തിരിച്ചു നല്‍കുന്നവരെ മാത്രം തെരഞ്ഞെടുക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാറ്റങ്ങള്‍ അനിവാര്യമാണ്. അച്ചടക്കം പാലിച്ച് എല്ലാവരും മുന്നോട്ടു പോകണമെന്നും രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി. ബൂത്ത് തലത്തിലുള്ള തെരഞ്ഞെടുപ്പുകള്‍ക്കു പകരം യൂണിറ്റ് തലത്തിലുള്ള തെരഞ്ഞെടുപ്പ് വേഗം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടു വലിയ വിവാദങ്ങളാണ് കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായത്. നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടു മറ്റു പാര്‍ട്ടികളില്‍ ചേരുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം.

