കെഎസ്ആർടിസിയിൽ പണിമുടക്ക് പിൻവലിച്ചു; സിംഗിൾ ഡ്യൂട്ടി ശനിയാഴ്ച മുതൽ

തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ഒക്ടോബർ ഒന്നു മുതൽ നടപ്പിൽ വരും. സിംഗിൾ ഡ്യൂട്ടിക്കെതിരെ ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫ് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു.
നിയമവിരുദ്ധമായ ഡ്യൂട്ടികൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് സമ്മതിച്ചതിന്റെയും നിയമവിദഗ്ധരുമായി നടത്തിയ കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണ് പണിമുടക്ക് മാറ്റിയതെന്ന് ടിഡിഎഫ് അറിയിച്ചു. സമരം ചെയ്യുന്നവർക്ക് ശമ്പളം നൽകില്ലെന്നും പിരിച്ചുവിടാൻ വരെ മടിക്കില്ലെന്നുമുള്ള നിലപാടിലായിരുന്നു കെഎസ്ആർടിസി മാനേജ്മെന്റും ഗതാഗതമന്ത്രി ആന്റണി രാജുവും.

