‘ഒരു ബാപ്പക്ക് ജനിച്ചവനാണ് ഞാന്‍; പോപ്പുലര്‍ ഫ്രണ്ട് വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ല’; സലാമിനെ തള്ളി മുനീര്‍

കോഴിക്കോട് : പോപ്പുലര്‍ ഫ്രണ്ട് നിരോധനം സംബന്ധിച്ച തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍. ഒരു ബാപ്പക്ക് ജനിച്ചവനാണ് താനെന്നും നിരോധനം സ്വാഗതം ചെയ്ത നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണെന്ന് മുനീര്‍ ആവര്‍ത്തിച്ചു. രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗുകാര്‍ക്കില്ലെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു. നിരോധനം സ്വാഗതം ചെയ്ത മുനീര്‍, നിലപാട് മാറ്റിയതായി പി എം എ സലാം പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുനീറിന്റെ പ്രതികരണം.
പോപ്പുലര്‍ ഫ്രണ്ട് നിരോധന വിവരം പുറത്ത് വന്നതിന് പിന്നാലെ നടപടിയെ പിന്തുണച്ച് മുസ്ലിം ലീഗ് നേതാവ് എം കെ മുനീറായിരുന്നു ആദ്യം രംഗത്തെത്തിയത്. മതത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെന്നും ഇത്തരം സംഘടനകളെ എതിര്‍ക്കേണ്ടത് സമുദായത്തില്‍ നിന്നു തന്നെയാണെന്നുമായിരുന്നു മുനീറിന്റെ പ്രതികരണം. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആശയങ്ങളിലും രീതികളിലും തെറ്റിദ്ധരിക്കപ്പെട്ട യുവാക്കള്‍ കാര്യങ്ങള്‍ മനസിലാക്കണമെന്നാവശ്യപ്പെട്ട മുനീര്‍, തിരുത്തല്‍ വരുത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ പിഎംഎ സലാമിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതു സംശയാസ്പദമെന്നായിരുന്നു മുസ്‌ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി സലാമിന്റെ പ്രതികരണം. നിരോധനം പുറത്തു വന്ന ഉടന്‍ ലീഗ് നേതാക്കള്‍ പലരും ആദ്യം പ്രതികരിച്ചിരുന്നു. എന്നാല്‍ കാര്യങ്ങളെ കൃത്യമായി വിലയിരുത്തിയ ശേഷം വളരെ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും പി.എം.എ.സലാം വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുനീര്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അസന്നിഗ്ധമായി അറിയിച്ചത്.

