പിഴ ഈടാക്കല്‍: എം.വി.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ അശ്ലീല പരാമര്‍ശവുമായി എം.എം മണി

നെടുങ്കണ്ടം: ഡ്രൈവേഴ്‌സ് യൂണിയന്റെ ഉടുമ്പൻചോല സബ് ആർ.ടി.ഒ. ഓഫീസ് മാർച്ചിൽ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ അശ്ലീല പരമാർശവും, ആക്രമണത്തിനുള്ള ആഹ്വാനവുമായി എം.എം. മണി എം.എൽ.എ.
‘സർക്കാരും പിണറായി വിജയനും പറഞ്ഞിട്ടാണ് പിഴയീടാക്കുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കി സർക്കാരിന് നൽകാൻ ഉദ്യോഗസ്ഥരോട് സർക്കാർ പറഞ്ഞിട്ടില്ല. ഇങ്ങനെ പറയുന്ന ഉദ്യോഗസ്ഥരുടെ നാക്ക് ചവിട്ടിക്കൂട്ടും’- എന്നായിരുന്നു എം.എം. മണിയുടെ പരാമർശം. മര്യാദ കാണിച്ചില്ലെങ്കിൽ കളക്ടറാണെങ്കിലും ചീഫ് സെക്രട്ടറിയാണെങ്കിലും എതിർക്കും. നിയമപരമല്ലാത്ത പ്രവർത്തനങ്ങൾ കാണിക്കുന്ന ഉദ്യോഗസ്ഥരെ തൊഴിലാളികൾ കൈകാര്യം ചെയ്യണം. അങ്ങനെ കൈകാര്യം ചെയ്താൽ താനും പാർട്ടിയും തൊഴിലാളികൾക്കൊപ്പം നിൽക്കും. ഇത്തരം കേസുകൾ കോടതിയിൽ വരുമ്പോഴല്ലേ, അത് അപ്പോൾ നോക്കും. ആ സമയം ഉദ്യോഗസ്ഥരോട് ഒപ്പം നിൽക്കാൻ സാക്ഷിപോലും ഉണ്ടാവില്ലെന്നും എം.എം. മണി പറഞ്ഞു.
ഔദ്യോഗിക കൃത്യനിർവഹണത്തിൽ രാഷ്ട്രീയം പുറത്തെടുത്താൽ ഞങ്ങളും രാഷ്ട്രീയം എടുക്കും. ഉദ്യോഗസ്ഥർ നിയമത്തിന്റെ വഴിക്ക് നടന്നില്ലെങ്കിൽ കൈകാര്യം ചെയ്യും. അത് പോലീസായാലും റവന്യൂ ഉദ്യോഗസ്ഥരായാലും, ആർ.ടി.ഒ.യും, കളക്ടറായാലും പ്രശ്‌നമല്ലെന്നും പ്രതിഷേധത്തിനെത്തിയ സി.ഐ.ടി.യു. പ്രവർത്തകരോട് എം.എം. മണി പറഞ്ഞു.
ധർണ കഴിഞ്ഞ് മടങ്ങിയവർ, മുണ്ടിയെരുമയിൽവെച്ച് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്തു.

