കോവിഡ് ബാധിതരായ മൂന്നിലൊരാള്‍ക്ക് തലച്ചോറിലും നേരിയ തകരാറുകള്‍; പുതിയ പഠനം

വാഷിങ്ടൺ: കോവിഡ് ബാധിതരായ മൂന്നിലൊന്ന് പേർക്കും തലച്ചോറിന്റെ മുൻഭാഗത്ത് ചെറിയ തോതിൽ തകരാറുകൾ ഉണ്ടാവുന്നതായി പഠനം. കോവിഡും നാഡീസംബന്ധമായ തകരാറുകളും തമ്മിലുള്ള ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ പഠനം. ബന്ധം സാധൂകരിക്കുന്ന 80-ഓളം പഠനങ്ങളാണ് യൂറോപ്യൻ ജോണൽ ഓഫ് എപിലെപ്സിയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 600-ഓളം രോഗികൾക്ക് ഈ രീതിയിൽ തകരാർ സംഭവിച്ചതായി കണ്ടെത്തിയെന്ന് യു.എസിലെ ബെയ്ലർ കോളേജ് ഓഫ് മെഡിസിനിലെ ന്യൂറോളജി അസിസ്റ്റന്റ് പ്രൊഫസർ സുൽഫി ഹനീഫ് പറഞ്ഞു. നേരത്തേയും പഠനം നടത്തിയിരുന്നുവെങ്കിലും സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പുതിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് ബാധിതരിൽ അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളുള്ളവർ, സംസാരത്തിന് ബുദ്ധിമുട്ടനുഭവപ്പെടുന്നവർ, മയക്കത്തിൽ നിന്നെഴുന്നേൽക്കാൻ ബുദ്ധിമുട്ടനുഭവപ്പെടുന്നവർ എന്നിവർക്ക് ഇ.ഇ.ജി. പരിശോധന നടത്തണണെന്നും ഗവേഷകർ ശുപാർശ ചെയ്യുന്നു.
തലച്ചോറിന്റെ മുൻഭാഗങ്ങളിൽ പ്രതികരണം കുറയുന്നതുപോലുള്ള ലക്ഷണങ്ങളാണ് ഇ.ഇ.ജിയിൽ പൊതുവിൽ കാണാൻ കഴിയുന്നത്. ഈ അസാധാരണ മാറ്റങ്ങൾ തലച്ചോറിലുണ്ടായ ഏതെങ്കിലും രീതിയിലുള്ള തകരാറുകളായി അനുമാനിക്കാം. മൂക്കിലൂടേയോ വായിലൂടെയോ ആണ് കൊറോണ വൈറസ് ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നത്. തലച്ചോറിന്റെ മുൻഭാഗം ഈ വൈറസ് പ്രവേശന മേഖലയ്ക്ക് സമീപത്താണ്. അതിനാലാവാം വൈറസ് തലച്ചോറിനെ ഇത്തരത്തിൽ ബാധിക്കുന്നത്. വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും ഓക്സിജൻ തോതിലുണ്ടാവുന്ന മാറ്റങ്ങൾ, കോവിഡ് അനുബന്ധ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, അല്ലെങ്കിൽ മറ്റേതെങ്കിലും കോവിഡ് പാർശ്വഫലങ്ങൾ എന്നിവയും തലച്ചോറിലെ തകരാറിനെ സ്വാധീനിച്ചേക്കാം.ഈ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രോഗം ബാധിക്കുന്നവരിൽ മൂന്നിലൊന്ന് സ്ത്രീകളും മൂന്നിൽ രണ്ട് പുരുഷന്മാരുമാണ്. ഇവരുടെ ശരാശരി പ്രായം 61 ആണെന്നും ഡോ.ഹനീഫ് പറഞ്ഞു.

