KSDLIVENEWS

Real news for everyone

റോഡില്‍ തള്ളിയ മാലിന്യത്തിനൊപ്പം 8000 രൂപയും എടിഎം കാര്‍ഡും, ഉടമയെ കുടുക്കി പഴ്‌സ്

SHARE THIS ON

തിരുവനന്തപുരം: പൊതുനിരത്തില്‍ ഇരുട്ടിന്റെ മറവില്‍ മാലിന്യം തള്ളിയ ആളെ കുടുക്കി സ്വന്തം പഴ്സ്. ഉപേക്ഷിച്ച മാലിന്യത്തിനൊപ്പം പഴ്സും ഉള്‍പ്പെട്ടതോടെ രണ്ടായിരം രൂപ പിഴ. സത്യസന്ധതയോടെ പഴ്സ് തിരിച്ചേല്‍പ്പിച്ച ശുചീകരണ വിഭാഗം ജീവനക്കാര്‍ക്ക് കോര്‍പറേഷന്റെ അഭിനന്ദനവും.

എണ്ണായിരത്തോളം രൂപയും പ്രധാന രേഖകളുമാണ് പഴ്സിലുണ്ടായത്. പൂഞ്ഞാര്‍ സ്വദേശിയായി വ്യക്തിയെയാണ് സ്വന്തം പഴ്സ് തന്നെ കുടുക്കിയത്. കിള്ളിപ്പാലം ബണ്ട് റോഡിലാണ് ഇയാള്‍ മാലിന്യം തള്ളിയത്. ഇവിടെ മാലിന്യം തള്ളുന്നത് തടയാന്‍ രാത്രി 8 മുതല്‍ പുലര്‍ച്ചെ 6 വരെയാണ് ജീവനക്കാരുടെ ഡ്യൂട്ടി.

28ന് പുലര്‍ച്ചെെയാണ് ആറ്റുകാല്‍ പുതിയ പാലത്തിനു സമീപം 2 ചാക്കുകളിലാക്കി മാലിന്യം തള്ളിയത് തൊഴിലാളികള്‍ കണ്ടെത്തിയത്. ഓഫിസ് ഉപയോഗശേഷമുള്ള പ്ലാസ്റ്റിക്കും പേപ്പറുകളുമായിരുന്നു ഇത്. തിരിച്ചറിയാന്‍ കഴിയാത്ത വിധം കീറി ചാക്കുകളിലാക്കിയിരുന്നു. ചാക്കില്‍ പരിശോധന തുടര്‍ന്നപ്പോഴാണ് 7,780 രൂപ അടങ്ങിയ പഴ്സ് കണ്ടെത്തിയത്.

3 എടിഎം കാര്‍ഡുകളും ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും പഴ്സിലുണ്ടായി. പഴ്സ് ജീവനക്കാര്‍ കരമന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്‍ അനില്‍ കുമാറിനു കൈമാറി. രേഖകളിലുള്ള പൂഞ്ഞാര്‍ സ്വദേശിക്ക് 2000 രൂപയുടെ പിഴ നോട്ടിസും അയച്ചു. പിഴയൊടുക്കിയ രസീതുമായെത്തിയാല്‍ ആദ്യം ബോധവല്‍ക്കരണം നല്‍കും. ഇതിന് ശേഷമാണ് പഴ്സ് തിരികെ നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!