KSDLIVENEWS

Real news for everyone

പരാജയം സമ്മതിച്ച്‌ അമേരിക്ക, കോവിഡ് 19ന്റെ ഉറവിടം കണ്ടെത്താനാകില്ല, റിപ്പോര്‍ട്ട് നല്‍കി രഹസ്യാന്വേഷണ ഏജന്‍സി

SHARE THIS ON

വാഷിംഗ്ടണ്‍: കൊവിഡിന്റെ ഉറവിടം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഏറ്റുപറഞ്ഞ് അമേരിക്ക. കഴിഞ്ഞ ദിവസം അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സി പുറത്തുവിട്ട വിശദമായ റിപ്പോര്‍ട്ടിലാണ് കൊവിഡ് 19ന്റെ ഉത്ഭവം കണ്ടെത്താന്‍ കഴിയില്ലെന്ന് അറിയിച്ചത്. കൊറോണ വൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പകര്‍ന്നതാണോ അതോ ലാബില്‍ നിന്ന് ചോര്‍ന്നതാണോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ല എന്ന് രഹസ്യാന്വേഷണ ഏജന്‍സി അറിയിക്കുകയായിരുന്നു.

കൊവിഡ് 19ന്റേത് സ്വഭാവിക ഉത്ഭവമാകാമെന്നും അല്ലെങ്കില്‍ ലാബില്‍ നിന്ന് ചോര്‍ന്നതായി രണ്ട് രീതിയിലും അനുമാനിക്കാമെന്നും അമേരിക്കയുടെ ദേശീയ രഹസ്യാന്വേഷണ ഏജന്‍സി ഡയറക്ടറുടെ കാര്യാലയം വെളിപ്പെടുത്തി. കൊവിഡ് 19 ജൈവായുധമാണെന്ന ആരോപണങ്ങളും ഏജന്‍സി തള്ളി. പ്രസിഡന്റ് ജോ ബൈഡന്‍ സര്‍ക്കാര്‍ ഓഗസ്റ്റില്‍ പുറത്തിറക്കിയ തൊണ്ണൂറ് ദിന അവലോകന കുറിപ്പിന്റെ തുടര്‍ച്ചയായാണ് പുതിയ അറിയിപ്പ് രഹസ്യാന്വേഷണ ഏജന്‍സി പുറത്തുവിട്ടത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊവിഡ് 19നെ ചൈന വൈറസ് എന്ന് വിശേഷിപ്പിച്ചിരുന്നു.

വൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് ഒരു പ്രത്യേക പാതയിലൂടെ പകര്‍ന്നെന്നോ, വുഹാനിലെ പരീക്ഷണശാലയില്‍ കൊവിഡുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നടന്നെന്നോ തെളിയിക്കുന്ന പുതിയ വിവരങ്ങള്‍ ലഭിക്കാതെ കൃത്യമായ വിശദീകരണം നല്‍കാനാകില്ലെന്ന് രഹസ്യാന്വേഷണ ഏജന്‍സി പറഞ്ഞു. യു എസ് ഏജന്‍സികള്‍ക്കും ആഗോള ശാസ്ത്ര സമൂഹത്തിനും സാമ്ബിളുകളെപ്പറ്റിയോ കൊവിഡ് 19ന്റെ ആദ്യകാല കേസുകളില്‍ നിന്ന് അവയുടെ സാംക്രമിക രോഗസാദ്ധ്യതകളെപ്പറ്റിയോ ധാരണയില്ലെന്നും ഏജന്‍സി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!