ഗർഭിണി സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ട സംഭവം ; രണ്ടു ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

പയ്യന്നൂര്‍: എന്‍.ഡി.എയുടെ റോഡ്ഷോക്കിടയില്‍ ഗര്‍ഭിണിയെയുംകൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന കാറിനുനേരെ ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കണ്ണപുരത്തെ ശ്രീരണ്‍ദീപ് (36), പാപ്പിനിശ്ശേരിയിലെ ദീപക് (28) എന്നിവരെയാണ് പയ്യന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, അക്രമം കണ്ട് ഭയന്ന് കാറില്‍ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചെറുതാഴത്തെ പൂക്കാടത്ത് വീട്ടില്‍ നാസില (29) സുഖംപ്രാപിച്ചുവരുന്നു.
ഗര്‍ഭസ്ഥശിശുവിന് ചലനം കാണാത്തതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ നാസിലയെ ചെറുതാഴത്തെ വീട്ടില്‍നിന്ന് പയ്യന്നൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ തിങ്കളാഴ്ച വൈകീട്ട് ആറോടെ എടാട്ട് ദേശീയപാതയിലാണ് സംഭവം.
ആക്രമിച്ചത് അപലപനീയം -എം.വി. ജയരാജന്
പയ്യന്നൂര്‍: തിങ്കളാഴ്ച വൈകീട്ട് ഗര്‍ഭിണിയായ യുവതിയെയും കൊണ്ട് പയ്യന്നൂരിലേക്ക് വരുകയായിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത് കേരളത്തില്‍ അസാധാരണ സംഭവമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന് പറഞ്ഞു.
പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാസിലയെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് കലാപത്തിനിടയില്‍ ഗര്‍ഭിണിയുടെ വയറിലേക്ക് ശൂലം കുത്തിയിറക്കിയവരാണ് സംഘ്പരിവാറുകാര്‍.
കാറിനകത്ത് ഗര്‍ഭിണിയായ യുവതി ഉണ്ടെന്നറിഞ്ഞുകൊണ്ടുതന്നെയാണ് വാഹനം ആക്രമിച്ചത്. ഇത് പ്രാകൃതവും മലയാളികളുടെ സംസ്കാരത്തിന് യോജിക്കാത്തതുമാണ്. നുണപ്രചാരണങ്ങള്‍ തകര്‍ന്നതോടെ വ്യാപക ആക്രമണത്തിനുള്ള ആസൂത്രണങ്ങള്‍ നടക്കുകയാണെന്നും ഗര്‍ഭിണിയെ ആക്രമിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടണമെന്നും ജയരാജന് പറഞ്ഞു. എം.വി. രാജീവന്, സി.എം. വേണുഗോപാലന്‍, വി. കുഞ്ഞികൃഷ്ണന് എന്നിവരും ജയരാജനൊപ്പം ഉണ്ടായിരുന്നു.

