സ്‌കിൽ ഡെവലപ്‌മെന്റ് അഴിമതി കേസ്: ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം

ഹൈദരാബാദ്: സ്‌കിൽ ഡെവലപ്പ്‌മെന്റ് അഴിമതി കേസിൽ ആന്ധ്രപ്രദേശ് പ്രതിപക്ഷനേതാവ് ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം. ആന്ധ്ര ഹൈക്കോടതിയാണ് നായിഡുവിന് നാലാഴ്ചത്തേക്ക് ജാമ്യം അനുവദിച്ചത്. ആരോഗ്യകാരണങ്ങള്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. സെപ്റ്റംബർ ഒമ്പതിനാണ് മുൻ മുഖ്യമന്ത്രിയും തെലുഗുദേശം പാർട്ടി (ടി.ഡി.പി) നേതാവുമായ ചന്ദ്രബാബു നായിഡുവിനെ 371 കോടി രൂപയുടെ അഴിമതി കേസിൽ ക്രൈം ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്യുന്നത്. രാജമന്ദ്രി സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവെയാണ് നായിഡുവിന് ഇപ്പോൾ ഇടക്കാല ജാമ്യം ലഭിച്ചത്. നവംബർ 24-ന് ഹാജരാകണമെന്ന് ജാമ്യം നൽകിക്കൊണ്ട് ഹൈക്കോടതി ചന്ദ്രബാബു നായിഡുവിനോട് നിർദ്ദേശിച്ചു. ആശുപത്രിയിലെത്തി ചികിത്സയ്ക്ക് വിധേയനാവുകയല്ലാതെ രാഷ്ട്രീയപ്രവർത്തനം ഉൾപ്പെടെ മറ്റൊരു പ്രവർത്തനങ്ങളിലും ഏർപ്പെടരുത്. ഫോണിൽ സംസാരിക്കുകയോ ഫോൺ ഉപയോഗിക്കുകയോ ചെയ്യരുത്. മാധ്യമങ്ങളോട് സംസാരിക്കാൻ പാടില്ലെന്നും കോടതി നായിഡുവിന് നിർദ്ദേശം നൽകി. നടപടികൾ പൂർത്തിയാക്കി ചന്ദ്രബാബു ജയിൽമോചിതനാകാൻ രണ്ട് ദിവസം വരെ സമയമെടുത്തേക്കുമെന്ന് ടി.ഡി.പി. വൃത്തങ്ങൾ പറഞ്ഞു. ജയിൽമോചിതനായ ശേഷം ഹൈദരാബാദിലെ വസതിയിലേക്ക് പോകാനാണ് സാധ്യത. നേരത്തേ നായിഡുവിന്റെ ആരോഗ്യം സംബന്ധിച്ച് ഭാര്യ ഭുവനേശ്വരിയും മകൻ ലോകേഷും ആശങ്കയറിയിച്ചിരുന്നു. 72-കാരനായ നായിഡുവിനെ ജയിലിൽ ചൂടും ഈർപ്പവും നിറഞ്ഞ സെല്ലിലാണ് പാർപ്പിച്ചതെന്ന് അവർ ആരോപിച്ചു. ഇതുകാരണമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതെന്നും അവർ കൂട്ടിച്ചേർത്തു.

