KSDLIVENEWS

Real news for everyone

കണ്‍വീനര്‍ നിയമന കാര്യത്തിൽ ഇന്ത്യാമുന്നണിയില്‍ തര്‍ക്കമില്ല, പ്രധാനമന്ത്രി സ്ഥാനാർഥി വേണ്ട- പവാർ

SHARE THIS ON

ന്യൂഡല്‍ഹി: കണ്‍വീനറെ നിയമിക്കുന്ന കാര്യത്തില്‍ ഇന്ത്യാ മുന്നണിയില്‍ യാതൊരു തര്‍ക്കവുമില്ലെന്ന് എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരത്പവാര്‍. ശനിയാഴ്ച 14 പ്രധാന പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തില്‍ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കൺവീനറായി തീരുമാനിച്ച ഇന്ത്യാ
മുന്നണി യോഗത്തിനുശേഷം പുണെയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ പാര്‍ട്ടികള്‍ ഒരുമിച്ചുനില്‍ക്കുന്നുവെന്നത് നല്ല ലക്ഷണമാണ്. എന്നാല്‍, വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുതേടുന്നതിന് ആരേയും ഉയര്‍ത്തിക്കാട്ടേണ്ടതില്ലെന്നും ഫലം വന്നശേഷം നേതാവിനെ തീരുമാനിക്കാമെന്നും പവാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി സ്ഥാനാർഥിയായി 1977-ല്‍ മൊറാര്‍ജി ദേശായിയെ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിതീഷ്‌കുമാറിനെ കണ്‍വീനറാക്കണമെന്ന നിര്‍ദേശം മുന്നണിയിലെ ചില അംഗങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചിരുന്നെങ്കിലും കണ്‍വീനര്‍ സ്ഥാനം ആവശ്യമില്ലെന്നാണ് പിന്നീടുണ്ടായ അഭിപ്രായമെന്ന് ശരത്പവാര്‍ അറിയിച്ചു. കൺവീനറെ തീരുമാനിക്കുന്നതിന് പാര്‍ട്ടി നേതാക്കളുടെ ഒരുസംഘം രൂപീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെക്കുറിച്ച് ചര്‍ച്ചചെയ്തില്ല. സീറ്റ് വിഭജനമാണ് വിഷയമായത്. മഹാരാഷ്ട്രയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനം സംബന്ധിച്ച അന്തിമപട്ടിക തയ്യാറായാല്‍ അത് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.


വിവിധ പരിപാടികളും സ്വീകരിക്കേണ്ട നയങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. മുന്നണിയിലെ കക്ഷികളുടെ സംയുക്ത റാലികള്‍ രാജ്യത്തുടനീളം സംഘടിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കാനുള്ള കമ്മറ്റിക്ക് രൂപംനല്‍കുമെന്നും പവാര്‍ അറിയിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തെ ആരും എതിര്‍ക്കുന്നില്ലെന്നും നിര്‍മാണം പൂര്‍ത്തിയാകുന്നതിനുമുമ്പ് പ്രതിഷ്ഠാചടങ്ങ് നടത്തുന്നതിലെ രാഷ്ട്രീയ ലക്ഷ്യമാണ് ചോദ്യചെയ്യപ്പെടേണ്ടതെന്നും എന്‍.സി.പി ദേശീയ അധ്യക്ഷന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!