പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ മരണം; പോലീസ് സ്റ്റേഷൻ ധർണ 23-ന്

പള്ളിക്കര : പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുൾ ഗഫൂർ ഹാജിയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രൂപവത്കരിച്ച കർമസമിതി ബേക്കൽ പോലീസ് സ്റ്റേഷന് മുന്നിൽ ചൊവ്വാഴ്ച ധർണ നടത്തും. അബ്ദുൾ ഗഫൂർ ഹാജി മരിച്ച് ഒൻപത് മാസം കഴിഞ്ഞിട്ടും കേസിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് കർമസമിതി ഭാരവാഹികൾ ആരോപിച്ചു.
കഴിഞ്ഞവർഷം ഏപ്രിൽ 14-നാണ് ഗഫൂർ ഹാജിയെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ വീട്ടുകാരുടെയും ബന്ധുക്കളുടെയും കൈയിൽനിന്ന് ഗഫൂർ ഹാജി വാങ്ങിയ 596 പവൻ ആഭരണങ്ങൾ കാണാതായത് വ്യക്തമായതോടെയാണ് വീടുകാർ പരാതിയുമായി പോലീസിനെ സമീപിച്ചത്. പ്രതിഷേധപരിപാടിയെ കുറിച്ചാലോചിക്കാൻ ചേർന്ന യോഗത്തിൽ ചെയർമാൻ ഹസൈനാർ ആമു ഹാജി അധ്യക്ഷനായി.

