KSDLIVENEWS

Real news for everyone

പ്രതിഷ്ഠാചടങ്ങിനൊരുങ്ങി അയോധ്യ; സുരക്ഷയ്ക്കായി എ.ഐ, ഡ്രോൺ പ്രതിരോധം സജ്ജം; സരയൂ നദിയിലും പട്രോളിങ്

SHARE THIS ON

അയോധ്യ: പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രമുഖ വ്യവസായികളും ബോളിവുഡ്- കായികതാരങ്ങളുമടങ്ങുന്ന വി.വി.ഐ.പി.കളെത്തുന്ന രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിന് മുന്നോടിയായി അയോധ്യയിൽ വൻ സുരക്ഷാസന്നാഹം. ഉത്തർപ്രദേശ് പോലീസും കേന്ദ്രസേനകളും പഴുതടച്ച കാവലാണ് ഒരുക്കുന്നത്. ജനുവരി 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20-നാണ് പ്രതിഷ്ഠാചടങ്ങ്.


13,000 സേനാംഗങ്ങൾക്ക് പുറമെ നിർമിതബുദ്ധിയുടെ സഹായവും സുരക്ഷയ്ക്കായി ഉത്തർ പ്രദേശ് പോലീസ് തേടിയിട്ടുണ്ട്. പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി 10,000 സിസിടിവികൾ നഗരത്തിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. ഡ്രോൺ പ്രതിരോധ സംവിധാനവും പ്രദേശത്ത് സജ്ജമാണ്. രാസപദാർഥങ്ങൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളടക്കം തടയുന്നതിനും ഭൂകമ്പം പോലുള്ള ദുരന്തങ്ങളെ നേരിടുന്നതിനുമായി ദുരന്തനിവാരണസേനയും (എൻ.ഡി.ആർ.എഫ്.) രംഗത്തുണ്ട്.

റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥരെയും പല സ്ഥലങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. സരയൂ നദിയിൽ കൃത്യമായ ഇടവേളകളിൽ പോലീസ് പട്രോളിങ് നടത്തുന്നുണ്ട്. അയോധ്യയിലെ മഹർഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്.


ഉത്തരേന്ത്യയിൽ നിലവിൽ തണുപ്പ് രൂക്ഷമായി തുടരുന്ന സാഹചര്യമാണ്. ഈ അവസ്ഥയിൽ ആരോഗ്യപരമായ സാഹചര്യങ്ങൾ നേരിടുന്നതിനാവശ്യമായ ഒരുക്കങ്ങളും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും കിടക്കകൾ റിസർവ് ചെയ്ത് വച്ചിട്ടുണ്ട്. കൂടാതെ, എയിംസിൽ നിന്നുള്ള വിദഗ്ധരും സ്ഥലത്തുണ്ട്.

അയോധ്യയിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥന്മാരിൽ ഒരാൾ | Photo:PTI
അനുമതിയില്ലാത്ത ഒരുവാഹനംപോലും അയോധ്യയിലേക്ക് കടത്തിവിടുന്നില്ല. നേരത്തേ അയോധ്യയിലെത്തിയ, അനുമതിയില്ലാത്ത വാഹനങ്ങൾ റോഡിലിറക്കാനും അനുവദിക്കുന്നില്ല. ശനിയാഴ്ചയും ഞായറാഴ്ചയും ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല.


എണ്ണായിരംപേരെയാണ് തിങ്കളാഴ്ചത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ക്ഷണം ലഭിക്കാത്തവർക്ക് മുറികൾ നൽകേണ്ടതില്ലെന്ന കർശന നിർദേശമാണ് ഹോട്ടലുകൾക്ക് അധികൃതർ നൽകുന്നത്. അനുമതിയുള്ളവർ തന്നെയാണോ ഹോട്ടലുകളിൽ താമസിക്കുന്നതെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർ ശനിയാഴ്ചയും പരിശോധന നടത്തി.

ഈയിടെ ഡൽഹിയിൽ നടന്ന ജി-20 ഉച്ചകോടിയിൽ സുരക്ഷയുറപ്പാക്കാൻ ഉപയോഗിച്ച് ഹസ്മത് (ഹസാർഡസ് മെറ്റീരിയൽ) വാഹനങ്ങളും അയോധ്യയിലെത്തിച്ചിട്ടുണ്ട്. പ്രാണപ്രതിഷ്ഠ കഴിഞ്ഞാലും അയോധ്യയിൽ വൻജനത്തിരക്ക് കുറയുന്നതുവരെ എൻ.ഡി.ആർ.എഫ്. സംഘം തുടരും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!