കാഞ്ഞങ്ങാട് റെയില്‍വേ വികസനം ഡി.ആര്.എം. വിലയിരുത്തി; യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം ഏർപ്പെടുത്തും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാർക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ അവലോകനം നടത്തുന്നതിനായി പാലക്കാട് റെയില്‍വേ ഡിവിഷണല്‍ മാനേജർ അരുണ്‍കുമാർ ചതുർവേദിയും സംഘവും റെയില്‍വേ സ്റ്റേഷനിലെത്തി.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ അദ്ദേഹം യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യം ഏർപ്പെടുത്തുമെന്ന് പറഞ്ഞു. ഇ.ചന്ദ്രശേഖരൻ എം.എല്‍.എ, കാഞ്ഞങ്ങാട് ഡവലപ്പ്മെന്റ് ഫോറം ഭാരവാഹികളായ കെ.മുഹമ്മദ്കുഞ്ഞി, കെ.പി.മോഹനൻ, അബ്ദുള്‍ നാസർ, സത്താർ ആവിക്കര തുടങ്ങിയവരും ഹമീദ് ഹാജി, ബല്‍രാജ്, സന്തോഷ് കുശാല്‍നഗർ, പത്മനാഭൻ, വിഷ്ണു തുടങ്ങിയവർ ചേർന്ന് ഡി.ആർ.എമ്മിനേയും സംഘത്തേയും സ്വീകരിച്ചു.
സ്റ്റേഷനില്‍ ഉടനടി നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. അഡിഷണല്‍ ഡി.ആർ.എം ജയകൃഷ്ണൻ, ഡിവിഷണല്‍ കമേഴ്സിയല്‍ മാനേജർ ഉള്‍പ്പെടെ മുതിർന്ന റെയില്‍വേ ഉദ്യോഗസ്ഥർ അദ്ദേഹത്തെ അനുഗമിച്ചു.

