KSDLIVENEWS

Real news for everyone

റഫയിലെ കൂട്ടക്കുരുതിക്ക് ഉപയോഗിച്ചത് അമേരിക്കൻ യുദ്ധോപകരണങ്ങളെന്ന് റിപ്പോര്‍ട്ട്

SHARE THIS ON

ഗാസ സിറ്റി: റഫയിലെ ക്യാമ്ബിന് നേരെ ആക്രമണം നടത്താൻ ഉപയോഗിച്ചത് അമേരിക്കൻ നിർമിത യുദ്ധോപകരണമെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.

സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങള്‍ വിശകലനം ചെയ്താണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഹമാസ് പോരാളികള്‍ താമസിക്കുന്ന സ്ഥലത്തേക്ക് ബോംബിട്ടപ്പോള്‍ സമീപത്തെ ടെന്റുകളിലേക്ക് തീപിടിക്കുകയായിരുന്നുവെന്നാണ് ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നത്. റഫയിലെ താല്‍ അസ് സുല്‍ത്താൻ പ്രദേശത്തുണ്ടായ ആക്രമണത്തില്‍ കുറഞ്ഞത് 45 പേർ കൊല്ലപ്പെടുകയും 200ഓളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

യു.എസ് നിർമ്മിത ജി.ബി.യു 39 എന്ന ബോംബാണ് ഇവിടെ ഉപയോഗിച്ചതെന്ന് സി.എൻ.എൻ റിപ്പോർട്ടില്‍ പറയുന്നു. നാല് ആയുധ വിദഗ്ധരുടെ നേതൃത്വത്തിലാണ് ഇവ പരിശോധിച്ചത്. യുദ്ധസാമഗ്രികളുടെ അവശിഷ്ടങ്ങളില്‍ കാണുന്ന സീരിയല്‍ നമ്ബറുകള്‍ കാലിഫോർണിയ ആസ്ഥാനമായുള്ള നിർമ്മാതാക്കളുമായി പൊരുത്തപ്പെടുന്നതായും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം, ആക്രമണം സംബന്ധിച്ച അന്വേഷണം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അമേരിക്ക അറിയിച്ചു. അതിദാരുണമായ തെറ്റാണ് സംഭവിച്ചതെന്ന് ഇസ്രായേല്‍ സമ്മതിച്ചിട്ടുണ്ടെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിർബി വൈറ്റ് ഹൗസില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടുതല്‍ നാശനഷ്ടങ്ങളും മരണങ്ങളും വരുത്തിവെക്കുന്ന ദൗത്യങ്ങള്‍ റഫയില്‍ കാണാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

45 ഫലസ്തീൻ സിവിലിയന്മാരെ കൊലപ്പെടുത്തിയ ആക്രമണം ഭയാനകമാണെന്ന് ഡെമോക്രാറ്റിക് യു.എസ് സെനറ്റർ എലിസബത്ത് വാറൻ പറഞ്ഞു. നിരപരാധികളായ സാധാരണക്കാരെ സംരക്ഷിക്കല്‍ ഇസ്രായേലിന്റെ കടമയാണ്. റഫയില്‍ അഭയം തേടിയ ഫലസ്തീനികള്‍ക്ക് സുരക്ഷിതമായി പോകാൻ ഒരിടവുമില്ല. റഫയിലെ ആക്രമണം നെതന്യാഹു അവസാനിപ്പിക്കണം. അടിയന്തര വെടിനിർത്തലാണ് നമുക്ക് ആവശ്യമെന്നും എലിസബത്ത് വാറൻ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!