KSDLIVENEWS

Real news for everyone

പലസ്തീന് രാഷ്ട്രപദവി, സംഘര്‍ഷത്തിന് ദ്വിരാഷ്ട്രപരിഹാരം; നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

SHARE THIS ON

ന്യൂഡല്‍ഹി: മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിച്ചതിന് പിന്നാലെ ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷത്തില്‍ മുന്‍നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ. ദ്വിരാഷ്ട്ര പരിഹാരവും പലസ്തീന് രാഷ്ട്രപദവിയുമെന്നതാണ് കാലങ്ങളായി ഇന്ത്യ തുടരുന്ന നിലപാടെന്ന് വിദേശകാര്യമന്ത്രാലയവക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. സ്പെയിന്‍, അയര്‍ലന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തോട് ആഴ്ചതോറും നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


‘നിങ്ങള്‍ക്കറിയാവുന്നതുപോലെ, 1980-കളുടെ അവസാനത്തില്‍ പലസ്തീന്‍ രാഷ്ട്രത്തെ ആദ്യമായി അംഗീകരിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇസ്രയേലിനോട് ചേര്‍ന്ന് സമാധാനത്തോടെ ജീവിക്കുന്ന, അംഗീകൃതവും പരസ്പര സമ്മതവുമായ അതിര്‍ത്തികള്‍ക്കുള്ളില്‍ പരമാധികാര- സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ദ്വിരാഷ്ട്ര പരിഹാരത്തെ ഞങ്ങള്‍ ദീര്‍ഘകാലമായി പിന്തുണച്ചിട്ടുണ്ട്’, രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

റാഫയിലെ അഭയാര്‍ഥിക്കൂടാരങ്ങള്‍ക്കുമേല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആളപായമുണ്ടായ സംഭവത്തില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. നിലവിലുള്ള സംഘര്‍ഷത്തില്‍ സാധാരണ ജനതയുടെ സംരക്ഷണത്തിനും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോടുള്ള ബഹുമാനത്തിനും ഞങ്ങള്‍ നിരന്തരം ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് ജയ്സ്വാള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍- ഹമാസ് യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം പകരുകയാണ് പലസ്തീനെ അംഗീകരിക്കുന്നതിലൂടെ സ്‌പെയിന്‍ ലക്ഷ്യമിടുന്നതെന്നാണ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഗാസയില്‍ കൂട്ടക്കൊല നടത്തുകയും ഉഭയകക്ഷി ഉടമ്പടി പ്രകാരം ഉണ്ടാക്കിയ പരിഹാരത്തെ അപകടത്തിലാക്കുകയും ചെയ്തുവെന്നാണ് പെഡ്രോ സാഞ്ചസ് ആരോപിച്ചത്. ‘ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യത ബലപ്രയോഗത്തിലൂടെ നശിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. കാരണം ഇത് മാത്രമാണ് ന്യായവും സുസ്ഥിരവുമായ പരിഹാരം’, അദ്ദേഹം പറഞ്ഞു.

കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി വെസ്റ്റ്ബാങ്കും ഗാസയും ചേര്‍ന്ന ഭൂപ്രദേശം പലസ്തീന്‍ അതോറിറ്റി ഭരിക്കണമെന്നതാണ് സ്‌പെയിനിന്റെ നിര്‍ദേശം. സുരക്ഷിതമായും അയല്‍ക്കാരോട് രമ്യതയിലും കഴിയാനുള്ള ഇസ്രയേലിന്റെ അവകാശത്തെ അംഗീകരിക്കുന്നു എന്നാണ് ഡബ്ലിനില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കവേ അയര്‍ലന്‍ഡിന്റെ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് അറിയിച്ചത്. ഗാസയിലെ എല്ലാ ബന്ദികളേയും ഉടന്‍ തിരിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പലസ്തീനെ അംഗീകരിക്കുന്നുവെന്ന പ്രഖ്യാപനത്തിനു പിന്നാലെ ഡബ്ലിനിലെ പാര്‍ലമെന്റ് മന്ദിരത്തിനുപുറത്ത് അയര്‍ലന്‍ഡ്, പലസ്തീന്‍ പതാകയുമുയര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!