KSDLIVENEWS

Real news for everyone

‘ടി പി വധത്തിൽ കുഞ്ഞനന്തൻ നിരപരാധി’; ശിക്ഷയ്ക്കും പിഴയ്ക്കും എതിരെ ഭാര്യ സുപ്രീം കോടതിയിൽ

SHARE THIS ON

ന്യൂഡൽഹി: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ അന്തരിച്ച സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്റെ ഭാര്യ വി പി ശാന്ത സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. കേസിൽ കുഞ്ഞനന്തൻ കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധിക്ക് എതിരെയാണ് ശാന്ത സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കുഞ്ഞനന്തന് ഒരു ലക്ഷം രൂപ പിഴ വിചാരണ കോടതി വിധിച്ചിരുന്നു. കുഞ്ഞനന്തൻ മരിച്ചതിനാൽ ഈ തുക ശാന്ത നൽകണം എന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കണം എന്നാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ശാന്ത ആവശ്യപ്പെട്ടിരിക്കുന്നത്.


ടി പി ചന്ദ്രശേഖരൻ വധക്കേസിൽ 13 ആം പ്രതിയായിരുന്ന പി കെ കുഞ്ഞനന്തന്‌ വിചാരണ കോടതി വിധിച്ചത് ജീവപര്യന്തം തടവ് ശിക്ഷയും, ഒരു ലക്ഷം രൂപ പിഴയുമാണ്. പിഴ അടയ്ക്കാത്ത സാഹചര്യത്തിൽ രണ്ട് വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും വിചാരണ കോടതി ഉത്തരവിട്ടിരുന്നു. വിചാരണ കോടതിയുടെ വിധിക്ക് എതിരായ അപ്പീൽ കേരള ഹൈക്കോടതിയുടെ പരിഗണനയിൽ ആയിരുന്ന 2020 ൽ ആണ് പി കെ കുഞ്ഞനന്തൻ മരിച്ചത്. തുടർന്ന് കേസിൽ കുഞ്ഞനന്തന്റെ ഭാര്യ വി പി ശാന്തയെ കേരള ഹൈക്കോടതി കക്ഷി ചേർത്തിരുന്നു.

കുഞ്ഞനന്തൻ മരിച്ചുവെങ്കിലും അദ്ദേഹം ടി പി വധക്കേസിൽ കുറ്റക്കാരൻ ആണെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണ കോടതി വിധിച്ച പിഴ ശാന്ത നൽകണം എന്നും ഹൈക്കോടതി നിർദേശിച്ചു. ഈ ഉത്തരവിന് എതിരെയാണ് ശാന്ത സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
കേസിൽ കുഞ്ഞനന്തൻ നിരപരാധി ആണെന്നും, കുറ്റക്കാരൻ ആണെന്ന ഹൈക്കോടതിയുടെ കണ്ടെത്തൽ റദ്ദാക്കണമെന്നും അഭിഭാഷകനായ ജി പ്രകാശ് മുഖേന ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. കേസിൽ ശിക്ഷിക്കപ്പെട്ട എട്ട് പേരാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. കേസിലെ ആദ്യ അഞ്ച് പ്രതികളായ അനൂപ്, കിർമാണി മനോജ്, കൊടി സുനി, രജീഷ്, മുഹമ്മദ് ഷാഫി എന്നിവർക്കും ഏഴാം പ്രതിയായ ഷിനോജിനും ഹൈക്കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിന് എതിരെയാണ് ഈ കുറ്റവാളികൾ അപ്പീൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.


ഈ ആറ് പ്രതികൾക്കും വിചാരണ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിന് എതിരെ ഇവർ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതിയുടെ നടപടിക്ക് എതിരെയാണ് പ്രതികൾ സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഈ ആറ് കുറ്റവാളികളും അപ്പീലും ഹർജിയും വെവ്വേറെയാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.

കേസിലെ പത്താം പ്രതിയായിരുന്ന കെ കെ കൃഷ്ണനെയും, 12 ആം പ്രതിയായിരുന്ന ജ്യോതി ബാബുവിനെയും വിചാരണ കോടതി വെറുതെ വിട്ടിരുന്നു. എന്നാൽ ഇവരെ ഗൂഢാലോചന കുറ്റം ചുമത്തി ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. അഭിഭാഷകൻ ജി പ്രകാശ് ആണ് സുപ്രീം കോടതിയിൽ കുറ്റവാളികളുടെ ഹർജി ഫയൽ ചെയ്തത്. സുപ്രീം കോടതി മധ്യ വേനൽ അവധിക്ക് ശേഷം തുറന്നാൽ ഉടൻ ഈ ഹർജികൾ പരിഗണിക്കുമെന്ന് കോടതി വൃത്തങ്ങൾ വ്യക്തമാക്കി.

error: Content is protected !!