KSDLIVENEWS

Real news for everyone

ഉരുള്‍പൊട്ടല്‍: വിദഗ്ധസംഘം ഇന്നെത്തും, പുനര്‍നിര്‍മാണം അടക്കമുള്ളവയില്‍ ശുപാര്‍ശ നിര്‍ണായകം; താത്കാലിക പുനരധിവാസം ഈ മാസംതന്നെ

SHARE THIS ON

കല്പറ്റ: ഉരുള്‍പൊട്ടിയ മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ധസംഘം ചൊവ്വാഴ്ച പരിശോധന നടത്തും. ദുരന്തപ്രദേശത്തെയും അനുബന്ധ മേഖലകളിലെയും അപകടസാധ്യത വിലയിരുത്തുന്ന സംഘം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. ഉരുള്‍പൊട്ടലുണ്ടായ മേഖലയിലെ ഭൂവിനിയോഗം എങ്ങനെയായിരിക്കണമെന്നും ഇവര്‍ ശുപാര്‍ശ ചെയ്യും. ഇതനുസരിച്ചായിരിക്കും അട്ടമല, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെ പുനര്‍നിര്‍മാണപ്രവര്‍ത്തനവും ആള്‍ത്താമസവും മറ്റും തീരുമാനിക്കുക.

സി.ഡബ്ല്യു.ആര്‍.എം. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ടി.കെ. ദൃശ്യ, സൂറത്ത്കല്‍ എന്‍.ഐ.ടി. അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ശ്രീവല്‍സ കൊളത്തയാര്‍, ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ താരാ മനോഹരന്‍, കേരള ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് ആന്‍ഡ് റിസ്‌ക് അനലിസ്റ്റ് പി. പ്രദീപ് എന്നിവരാണ് വിദഗ്ധസംഘത്തിലുള്ളത്.

താത്കാലിക പുനരധിവാസം ഈ മാസംതന്നെ

ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം ഓഗസ്റ്റില്‍ത്തന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രിമാരായ കെ. രാജനും ഒ.ആര്‍. കേളുവും അറിയിച്ചു. കണ്ടെത്തിയ കെട്ടിടങ്ങള്‍ താമസയോഗ്യമാണോ എന്ന് പരിശോധിക്കും. പുനരധിവാസത്തിന് ഉപയോഗിക്കുന്ന എല്ലാ വീടുകളിലും ആവശ്യമായ ഫര്‍ണിച്ചറുംമറ്റും ഉറപ്പാക്കും.

തിങ്കളാഴ്ചത്തെ തിരച്ചിലില്‍ ഒരു മൃതദേഹവും രണ്ടു ശരീരഭാഗങ്ങളും ലഭിച്ചു. ഇതുവരെ 231 മൃതദേഹങ്ങള്‍ കണ്ടെത്തി. 178 പേരെ തിരിച്ചറിഞ്ഞു. മൃതദേഹം തിരിച്ചറിയുന്നതിനായി ശേഖരിച്ച ഡി.എന്‍.എ. സാംപിളുകളുടെ ഫലം ലഭ്യമായിത്തുടങ്ങി. രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും.

കാണാതായവരുടെ 90 ബന്ധുക്കളില്‍നിന്നുള്ള രക്തസാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവ തമ്മിലുള്ള ചേര്‍ച്ച പരിശോധിക്കുന്ന നടപടി പുരോഗമിക്കുന്നു. ക്യാമ്പുകളിലൂടെ 1172 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ചൊവ്വാഴ്ച ചാലിയാറില്‍ തുടരും.

വീണ്ടും ഒരു ശരീരവും ഭാഗവും; നിലമ്പൂരില്‍നിന്ന് ഇതുവരെ ലഭിച്ചത് 82 മൃതദേഹം,168 ശരീരഭാഗങ്ങള്‍

മലപ്പുറം: വയനാട് ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് നിലമ്പൂര്‍, പോത്തുകല്ല് മേഖലയില്‍ സംയുക്ത തിരച്ചില്‍ തുടരവേ തിങ്കളാഴ്ച ഒരു മൃതദേഹവും ഒരു ശരീരഭാഗവുംകൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിനുശേഷം ഇതുവരെ 168 ശരീരഭാഗങ്ങളും 82 മൃതദേഹങ്ങളും ഇവിടെനിന്ന് കണ്ടെത്തിക്കഴിഞ്ഞു.

ദുരന്തം നടന്ന അടുത്തദിവസം രാവിലെമുതല്‍തന്നെ പോത്തുകല്ലിലെ ചാലിയാര്‍ പുഴയോരത്തുനിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിത്തുടങ്ങിയിരുന്നു. ആദ്യഘട്ടത്തില്‍ ഉയര്‍ന്ന വെള്ളം താഴ്ന്നപ്പോള്‍ മൃതദേഹങ്ങളും അവശിഷ്ടങ്ങളും കരയ്ക്കടിയുകയായിരുന്നു. ആദിവാസികളാണ് ഒരു കൈപ്പത്തി ആദ്യംകണ്ടത്. തിരച്ചിലില്‍ കൂടുതല്‍ മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്താന്‍ തുടങ്ങി. അവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരും പോലീസും അഗ്‌നിരക്ഷാസേനയും ദുരന്തനിവാരണസേനയുമെല്ലാം ദിവസങ്ങളോളം തിരച്ചില്‍ നടത്തി. തുടര്‍ന്നാണ് ഇത്രയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കിലോമീറ്ററുകള്‍ അകലെ വാഴക്കാട്ടുനിന്നുപോലും മൃതദേഹം കണ്ടെത്തി. കണ്ടെത്താനാവാതെ ഒഴുകിപ്പോയവയുമുണ്ടാകാനിടയുണ്ട്.

43 പുരുഷന്മാര്‍, 32 സ്ത്രീകള്‍, മൂന്ന് ആണ്‍കുട്ടികള്‍, നാലു പെണ്‍കുട്ടികള്‍ എന്നിങ്ങനെയാണ് തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ സ്ഥിതി. തിരിച്ചറിഞ്ഞ മൂന്നു മൃതദേഹങ്ങള്‍ നിലമ്പൂരില്‍നിന്നുതന്നെ ബന്ധുക്കള്‍ക്ക് കൈമാറി. ബാക്കി മൃതദേഹങ്ങളും ദേഹഭാഗങ്ങളുമായി 235 എണ്ണം വയനാട്ടിലേക്ക് കൊണ്ടുപോയി. ഏഴ് ദേഹാവശിഷ്ടങ്ങള്‍ ഡി.എന്‍.എ. പരിശോധനയ്ക്കയച്ചിട്ടുണ്ട്.

ഇനംതിരിച്ചുള്ള സഹായം തേടും; റിപ്പോർട്ട് വൈകില്ല

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായി കേന്ദ്രസഹായം തേടിയുള്ള കേരളത്തിന്റെ റിപ്പോർട്ട് വൈകില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തബാധിത മേഖലകൾ സന്ദർശിച്ചതിനുപിന്നാലെ, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഇതിനുള്ള തയ്യാറെടുപ്പ് ഊർജിതമാക്കി.

ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനാണ് വിവിധ വകുപ്പുകളിൽനിന്നു വിവരങ്ങൾ ശേഖരിച്ച് സമഗ്ര റിപ്പോർട്ട് തയ്യാറാക്കാനുള്ള ഏകോപനച്ചുമതല. സാധ്യമെങ്കിൽ ഈയാഴ്ചത്തെ മന്ത്രിസഭായോഗത്തിൽത്തന്നെ റിപ്പോർട്ട് നൽകി അംഗീകാരം നേടിയെടുക്കാനുള്ള ശ്രമം നടത്തുമെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു. അന്തിമാവലോകനം പൂർത്തിയാവാത്തതിനാൽ എത്ര നഷ്ടമുണ്ടായെന്നും എത്ര തുക ചോദിക്കണമെന്നുമുള്ള കണക്കായിട്ടില്ല.

ദേശീയ ദുരന്തമായോ അതിതീവ്രദുരന്തമായോ പ്രഖ്യാപിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ആകെയുള്ള നഷ്ടത്തിന്റെ വിലയിരുത്തലിനുപുറമേ കൃഷി ഉൾപ്പെടെ ഓരോ മേഖലയിലുമുള്ള നഷ്ടം പ്രത്യേകമായി വിശദീകരിക്കും. പുനരധിവാസത്തിനു പുറമേ, നിലവിലെ നഷ്ടം നികത്തൽ, ദുരന്തബാധിതർക്കുള്ള നഷ്ടപരിഹാരം, ജീവനോപാധി തുടങ്ങിയ വ്യത്യസ്ത ഘടകങ്ങളും റിപ്പോർട്ടിന്റെ ഭാഗമായി പരിഗണിക്കും.

ചൂരൽമല, മുണ്ടക്കൈ മേഖലകളിലെ 350 ഏക്കർ കൃഷിനാശത്തിൽ പ്രധാനമായും തേയില, കുരുമുളക് തുടങ്ങിയ തോട്ടംവിളകൾക്കാണ് നഷ്ടം സംഭവിച്ചിട്ടുള്ളത്. അവയ്ക്കു സാധാരണ കാർഷികവിളകളെക്കാൾ നഷ്ടപരിഹാരം ആവശ്യമായി വരും. ഇങ്ങനെ, വയനാട് ദുരന്തത്തെ പ്രത്യേകമായി കണക്കാക്കിയുള്ള നഷ്ടപരിഹാര പാക്കേജ് വേണമെന്ന ആവശ്യം അവതരിപ്പിക്കും.

ഇതിനുപുറമേ, മഴക്കെടുതിയും പ്രകൃതിദുരന്തങ്ങളും ആവർത്തിക്കുന്നതിനാൽ മുന്നറിയിപ്പുസംവിധാനം കാര്യക്ഷമമാക്കാനുള്ള കേന്ദ്രങ്ങളും സാങ്കേതികവിദ്യയും കൂടുതൽ കാര്യക്ഷമമാക്കാനും കേന്ദ്രസഹായം അഭ്യർഥിക്കും. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, നാഷണൽ സീസ്മിക് സെന്റർ, കേന്ദ്ര കാലാവസ്ഥാകേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രത്യേക കേന്ദ്രങ്ങളും ഗവേഷണ-പഠന സൗകര്യങ്ങളും കേരളത്തിൽ ലഭ്യമാക്കാനും സഹായം തേടും. ദുരന്തമേഖല പ്രധാനമന്ത്രി നേരിട്ടു സന്ദർശിച്ചതിനാൽ കാര്യങ്ങൾ എളുപ്പമാവുമെന്ന പ്രതീക്ഷയിലാണ് കേരളം.

സാലറി ചലഞ്ചിന് ഉത്തരവ് ഉടൻ

ദുരന്തബാധിതരെ സഹായിക്കാൻ സർക്കാർ പ്രഖ്യാപിച്ച സാലറി ചലഞ്ചിനുള്ള ഉത്തരവ് ഉടൻ ഇറങ്ങും. അഞ്ചുദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യാനാണ് സർക്കാരിന്റെ അഭ്യർഥന. സർക്കാർജീവനക്കാർക്കും അധ്യാപകർക്കും പുറമേ, വിവിധ ബോർഡുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയുമൊക്കെ ജീവനക്കാരിൽനിന്നും സംഭാവന സ്വീകരിക്കും.

അഞ്ചുദിവസത്തെ ശമ്പളം ഒന്നിച്ചോ മൂന്നു ഗഡുക്കളായോ നൽകാൻ സൗകര്യമുണ്ടാവും. പ്രളയകാലത്ത് സാലറി ചലഞ്ചിലൂടെ ലഭിച്ചത് 1247 കോടി രൂപയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!