ചോദിക്കാനും പറയാനും ആളില്ല: കേരളത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്; മന്ത്രിയെ വേദിയിലിരുത്തി അൻവർ

നിലമ്പൂര്‍: മന്ത്രി എ.കെ. ശശീന്ദ്രനെ വേദിയിലിരുത്തി വനംവകുപ്പിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമുയര്‍ത്തി ഇടത് എംഎല്‍എ പി.വി.അന്‍വര്‍. വനംവകുപ്പുമായി ബന്ധപ്പെട്ട് ചോദിക്കാനും പറയാനും ആളില്ലാത്ത സ്ഥിതിയുണ്ടെന്നും സര്‍ക്കാര്‍ ഇടപെടേണ്ട വിഷയത്തില്‍ ഇടപെടാത്തതുകാരണം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വോട്ട് പോയെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ വനംവകുപ്പിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അന്‍വര്‍.
നേരത്തെ പോലീസിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കുമെതിരെ ആരോപണങ്ങളുയര്ത്തിയതിന് പിന്നാലെ അന്‍വറിനെ മുഖ്യമന്ത്രി തള്ളിപ്പറയുകയും സിപിഎം പരസ്യപ്രതികരണങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ താക്കീത് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹം താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വനംവകുപ്പ് മന്ത്രിയെ സാക്ഷിയാക്കി വകുപ്പിനും സര്‍ക്കാരിനുമെതിരെ അന്‍വര്‍ രൂക്ഷവിമര്ശനമുയര്ത്തിയിരിക്കുന്നത്.
നിയമസഭാ സമ്മേളനത്തില്‍ പറയാനിരുന്ന കാര്യങ്ങള്‍ ഇനി സഭയില്‍ സംസാരിക്കാന്‍ സാധിക്കുമോ എന്നതില്‍ ഉറപ്പില്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ തുറന്നുപറയുന്നതെന്നും അന്‍വര്‍ പറഞ്ഞു. ജനങ്ങളും ജനപ്രതിനിധികളും ജനാധിപത്യത്തില്‍നിന്ന് മാറിനിന്നാല്‍ ഉണ്ടാകുന്ന അപകടം കേരളത്തിന്റെ സകലമേഖലകളിലും നടന്നുകൊണ്ടിരിക്കുകയാണ്. ഒരു ഉദ്യോഗസ്ഥനും പേടിയില്ല. എവിടേക്കാണ് കേരളത്തെ കൊണ്ടുപോകുന്നതെന്നും അന്‍വര്‍ ചോദിച്ചു.
വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ എംഎല്‍എമാര്‍ വിഷയങ്ങളുയർത്തുമ്പോള് അതിന് മറുപടി പറയാന്‍ മന്ത്രി ബാധ്യസ്ഥനാണ്. ഞാന്‍ വനംവന്യജീവി വകുപ്പ് മന്ത്രിയാണ് എന്നാണ് അതിന് മന്ത്രി മറുപടി പറഞ്ഞത്. പക്ഷേ, വനംമുള്ളിടത്തൊക്കെ ഒരു മനുഷ്യ മന്ത്രികൂടി ഉണ്ടാകേണ്ടത് അനിവാര്യമായി വരികയാണ്. ശേഷിക്കുന്ന ഒന്നര വര്‍ഷം മന്ത്രി ശശീന്ദ്രന് വനം-വന്യജീവി വകുപ്പ് തത്കാലം മാറ്റിവെച്ച് മനുഷ്യരുടെ വകുപ്പ് കൂടി കൈകാര്യം ചെയ്യണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.
ആവാസവ്യവസ്ഥയേക്കുറിച്ച് പറയുന്നവര്‍ ആനയ്ക്ക് തിന്നാന്‍ കാട്ടില്‍ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കണം. സോഷ്യല്‍ ഓഡിറ്റിന് വിധേയമാകാത്ത ഏക മേഖല ഫോറസ്റ്റാണ്. അന്യര്‍ക്ക് പ്രവേശനമില്ലെന്ന് എഴുതിവെക്കുന്ന ഏക സര്‍ക്കാര്‍ വസ്തു കാടാണ്. അവിടെ എന്തും നടക്കും. ഒരു പ്രത്യേക സംരക്ഷിത വലയമായി നില്‍ക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു.
‘കെ.സുധാകരന് മന്ത്രിയായിരുന്ന കാലത്ത് എന്നോട് പറഞ്ഞിട്ടുണ്ട്, അന്‍വറേ വല്ലാത്തൊരു വകുപ്പാണത്, ആന പിടിച്ച് വലിച്ചാല്‍ പോരൂലാന്ന്, പിന്നേ ഈ സാധുവിന്റെ കാര്യം എടുക്കാനുണ്ടോ. അതാണ് സ്ഥിതി. കേരളത്തിന്റെ നിയമസഭയില്‍ അനവധി നിരവധി തവണ ഞാന്‍ പറഞ്ഞ വിഷയങ്ങളാണിത്. ഒരാളും ചോദിക്കാനും പറയാനുമില്ല. സര്‍ക്കാര്‍ ഇടപെടേണ്ട വിഷയമാണ്. ഇടതുമുന്നണിയും പാര്‍ട്ടിയും ഇടപെടേണ്ട വിഷയമാണ്. വനം-വന്യജീവി വിഷയങ്ങളില്‍ ഈ സര്‍ക്കാരിന് കൃത്യമായി അഭിസംബോധന ചെയ്യാന്‍ കഴിയാത്തതുകൊണ്ട് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അറുപതോളം നിയോജക മണ്ഡലങ്ങളില്‍ 20 ശതമാനത്തോളം വോട്ടുകള്‍ പോയിട്ടുണ്ടെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. ശ്രദ്ധചെലുത്തേണ്ട വിഷയത്തില്‍ അതുണ്ടായില്ല. നാട്ടിലിറങ്ങി ആന ഒരാളെ ചവിട്ടിക്കൊന്നാല്‍ അത് ആരുടെ ഉത്തരവാദിത്വമാണ്’, അന്‍വര്‍ ചോദിച്ചു.
വനം-വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥരുടെ മനസ്സ് വന്യജീവികളേക്കാള്‍ അപ്പുറമായിട്ടുണ്ട്. ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന് മരിച്ച് അദ്ദേഹത്തിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് ഡിവിഷണല്‍ ഓഫീസില്വെക്കാന് ഒരു ഡിഎഫ്ഒ അനുവദിച്ചില്ല. നടപടിയുണ്ടായോ ബഹുമാനപ്പെട്ട മന്ത്രീ, ആനശല്യത്തെ കുറിച്ച് പരാതി പറയാന്‍ പോയ ആളുകളോട് ഇതേ ഡിഎഫ്ഒ ചോദിച്ചത് പത്ത് ലക്ഷം കിട്ടുന്നില്ലേയെന്നാണ്. ഞാനുണ്ടായിരുന്നെങ്കില്‍, അപ്പം ചവിട്ടുമായിരുന്നു. ഈ രീതി ഇടതുപക്ഷത്തിന്റെ രീതിയില്ല. വരച്ച വരയില്‍ നിര്‍ത്തണം ഉദ്യോഗസ്ഥന്മാരെ. ജനങ്ങളാണ് നാട് ഭരിക്കുന്നത്. സാധാരണ ജനം നല്കുന്ന നികുതി പണം കൊണ്ടാണ് ഈ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം കൊടുക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.
‘ഇപ്പോള്‍ ഫോറസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്കൊന്നും കാര്യമായ പണിയില്ല. ഞാനീ കാര്യങ്ങളെല്ലാം ഈ നിയമസഭാ സമ്മേളനത്തില്‍ പറയാനിരുന്നതാണ്. ഈ നിയമസഭാ സമ്മേളനത്തില്‍ പറയാന്‍ കഴിയുമെന്ന് എനിക്കുറപ്പില്ലാത്തതുകൊണ്ട് മന്ത്രി ഇവിടെ ഉള്ളപ്പോൾ പറയുകയാണ്. മലയോര ഹൈവേക്കായി അഞ്ച് സെന്റുള്ളവരും അതില്‍ കുറവുള്ളവരുമടക്കം എല്ലാവരും ഭൂമി വിട്ടുതന്നു. ലൈഫ് പദ്ധതിയില്‍ വീട് കിട്ടിയവര്വരെ തന്നു. ഈ ഇരിക്കുന്ന മന്ത്രിയും വകുപ്പും ഉദ്യോഗസ്ഥന്മാരും ഒരിഞ്ച് വിട്ടുതന്നില്ല. മന്ത്രി പലതവണ ഇടപെട്ടിട്ടും എന്ത് കാര്യമുണ്ടായി. എന്റെ ഉത്തരവാദിത്വത്തിലാണ് ഇതൊക്കെ നടക്കുന്നതെങ്കില്‍ ഡിസ്മിസ് ചെയ്ത് പോയി പണി നോക്കാന്‍ പറയും. ജനകീയമായ ഇടപെടല്‍ ഈ വകുപ്പിലില്ല’, അന്‍വര്‍ പറഞ്ഞു.

