KSDLIVENEWS

Real news for everyone

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ‘മലപ്പുറം പരാമർശം’ പുകയുന്നു; പ്രതിഷേധവുമായി സംഘടനകൾ

SHARE THIS ON

മലപ്പുറം: സ്വർണക്കടത്തിലൂടെയും ഹവാലയിലൂടെയും മലപ്പുറത്തെത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കുള്ളതാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സംഘടനകൾ. മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അപമാനിച്ചെന്നാണ് ആരോപണം.

ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. ഇടതുപക്ഷത്തോടടുപ്പമുള്ള കാന്തപുരം വിഭാഗമടക്കം പ്രതിഷേധവുമായെത്തി. മുസ്‌ലിം ലീഗ്, കേരള മുസ്‌ലിം ജമാഅത്ത്, എസ്.­വൈ.എസ്., എസ്.കെ.എസ്.എസ്.എഫ്. തുടങ്ങിയ സംഘടനകളും എതിർപ്പുയർത്തി. മലപ്പുറത്തെത്തുന്ന സ്വർണം ഏതുതരം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയുടെ പരാമർശം മതവിരുദ്ധമാണെന്ന് പി.വി. അൻവർ എം.എൽ.എ. കുറ്റപ്പെടുത്തി.

പരാമർശം ന്യൂനപക്ഷവിരുദ്ധമാണെന്നും അൻവറിനോടുള്ള വിരോധം മലപ്പുറം ജില്ലയോട് തീർക്കരുതെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മലപ്പുറം ജില്ലയിൽ കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്ന് വരുത്താൻ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതായി മുസ്‌ലിം ലീഗ് നേരത്തേ ആരോപിച്ചിരുന്നു. കരിപ്പൂരിലെ സ്വർണക്കടത്ത് സംഘവുമായി എ.ഡി.ജി.പി. അജിത്‌കുമാറിന്‌ ബന്ധമുണ്ടെന്ന്‌ പി.വി. അൻവർ ആരോപിച്ചത്‌ വിവാദമായിരുന്നു.

സ്വർണക്കടത്ത് പിടിക്കുന്നത് തുടരണമെന്ന് ഡി.ജി.പി.

സ്വർണക്കടത്തുകാരെ കുടുക്കാൻ കരിപ്പൂരിൽ ആരംഭിച്ച ഓപ്പറേഷൻ തുടരാൻ പോലീസ് മേധാവി ഷെയ്‌ക്ക്‌ ദർവേഷ് സാഹേബിന്റെ നിർദേശം. പുതിയ നിയമസംഹിതപ്രകാരം പോലീസിനും കള്ളക്കടത്തു സ്വർണം പിടികൂടാനുള്ള അധികാരമുണ്ടെന്ന് കുറ്റകൃത്യ വിശകലന യോഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തിൽ എ.ഡി.ജി.പി. അജിത്കുമാറും പങ്കെടുത്തിരുന്നു.

മുഖ്യമന്ത്രി പറഞ്ഞത്‌

അഞ്ചുവർഷത്തിനിടെ മലപ്പുറത്തുനിന്ന് 150 കിലോ സ്വർണവും 123 കോടി രൂപയുടെ ഹവാലപ്പണവും പോലീസ് പിടികൂടി. ഈ പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കായാണ്‌ ഉപയോഗിക്കുന്നത്‌


മലപ്പുറത്തെ അപമാനിക്കുന്നു

എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ്‌ മുഖ്യമന്ത്രി ഇത് പറഞ്ഞതെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് ഒരു പ്രദേശത്തെയാകമാനം അപമാനിക്കുന്ന പ്രസ്താവന നടത്തരുത്. ഇത് ബി.ജെ.പിയെ പ്രീതിപ്പെടുത്താനുള്ളതാണ്

(പി.എം.എ. സലാം, മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി)

പ്രതിഷേധവുമായി സംഘടനകൾ
മലപ്പുറത്തെ പ്രശ്‌നവത്കരിക്കാനുള്ള നീക്കം-കേരള മുസ്ലിം ജമാഅത്ത്
മലപ്പുറം : രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ സമാനതകളില്ലാത്ത സൗഹാർദത്തിന്റെ കേന്ദ്രമായ മലപ്പുറം ജില്ലയെ പ്രശ്നവൽക്കരിക്കാനുള്ള ഗൂഢശ്രമങ്ങളിൽനിന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണാധികാരികൾ അടിയന്തരമായി പിന്മാറണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്നുവെന്നു പറയപ്പെടുന്ന സ്വർണക്കടത്തും മറ്റു പണമിടപാടുകളും ഒരു ജില്ലക്ക് മേൽ ആരോപിക്കപ്പെടുന്നത് അത്യന്തം ഖേദകരമാണ്.

ഇത്തരം ദുഷ്ടശക്തികളെ നിയമവിധേയമായി കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്വമാണ് ബന്ധപ്പെട്ടവർ കാണിക്കേണ്ടത് അതിനു പകരം ഒരു ജില്ലയെയും അവിടത്തെ മുഴുവൻ ജനവിഭാഗങ്ങളെയും പത്രസമ്മേളനങ്ങളിലും അഭിമുഖങ്ങളിലും തുടർച്ചയായി അധിക്ഷേപിക്കുന്നത് ഒരു നിലക്കും അംഗീകരിക്കാനാവില്ല.

ജില്ലയിലേക്ക് നിയമിക്കപ്പെടുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തിൽ ഒരു ഭാഗത്ത് തീർത്തും അന്യായമായ രീതിയിൽ ക്രിമിനൽ കേസുകളുടെ എണ്ണം പെരുപ്പിച്ചു കാണിച്ച് രാജ്യത്ത് ഏറ്റവും കൂടുതൽ സംഘർഷഭരിതമായി ജില്ലയായി അവമതിക്കാനുള്ള ഗൂഢശ്രമങ്ങൾ നടക്കുമ്പോൾ മറുഭാഗത്ത് അധികാരികൾ തന്നെ സ്വർണക്കടത്തിന്റെയും അനധികൃത പണമിടപാടുകളുടെയും പേരിൽ ജില്ലയെ ക്രൂശിക്കുന്നത് തരംതാഴലാണ്. ജില്ലയെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായകരമായി ഉപയോഗപ്പെടുത്തുന്നുവെന്ന്‌ മുഖ്യമന്ത്രി തന്നെ വിശേഷിപ്പിക്കുന്നത് എത്രമാത്രം മനഷ്യത്വ വിരുദ്ധമാണ്. ഇതിനെതിരെയും ജില്ലയുടെ മഹിതമായ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിനും ജാതി, മത, കക്ഷിരാഷ്ട്രീയത്തിന് അതീതമായി മുഴുവൻ ജന വിഭാഗങ്ങളും ഒന്നിച്ച് അണിനിരക്കണമെന്നും കമ്മിറ്റി ആഹ്വാനം ചെയ്തു.

മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പുപറയണം -മുസ്‌ലിം യൂത്ത്‌ ലീഗ്

കൊണ്ടോട്ടി: മലപ്പുറത്തെ ക്രമിനൽ ജില്ലയായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവന പിൻവലിച്ചു മാപ്പുപറയണമെന്ന് നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ഫൈസൽ വധക്കേസിലെ പ്രതികളെ രക്ഷപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരേ ബുധനാഴ്ച ചെമ്മാട് നടക്കുന്ന യൂത്ത് ലീഗ് റാലി വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

സംഘടന, സമുദായം, സമൂഹം എന്ന കാമ്പയിന്റെ ഭാഗമായി നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് സ്‌പെഷ്യൽ മീറ്റ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ ഉദ്ഘാടനം ചെയ്തു. കെ. ഷാഹുൽ ഹമീദ് മുണ്ടക്കുളം അധ്യക്ഷത വഹിച്ചു. കെ.എം. അലി, സി. അബ്ദുൾ അസീസ്, സി.ടി. റഫീക്ക്, കെ.പി. മുഹമ്മദലി, പി.പി.എ. ഖയ്യും, കോപ്പിലാൻ മൻസൂറലി, പി.വി. മുഹമ്മദ് റാഫി, പി. അസ്‌കർ അലി, പി.കെ. സദക്കത്തുള്ള, റഫീഖ് അയക്കോടൻ, മൻസൂർ കൊട്ടപ്പുറം, ശിഹാബ് മുണ്ടക്കൽ, ഫഹിം എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!